വി.ടി. ബല്‍റാം എംഎല്‍എയുടെ നടപടി ശുദ്ധ പോക്രിത്തരമെന്ന് മന്ത്രി എം.എം. മണി

mm mani

ഇടുക്കി : എകെജിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച വി.ടി. ബല്‍റാമിന്റെ പ്രസ്താവന ശുദ്ധമര്യാദകേടാണെന്നും പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പോക്രിത്തരമാണെന്നും എംഎം മണി.

“ബല്‍റാമിന്റെ സംസ്‌കാരവും രീതിയുമാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ജനിപ്പിച്ചത് സംബന്ധിച്ച് ഇപ്പോള്‍ സംശയം പറഞ്ഞാല്‍ എന്തായിരിക്കും. അതുപോലെ ഒരു പിറപ്പ് പണിയാണ് എകെജിയെ പറ്റി പറഞ്ഞിരിക്കുന്നത്. ശുദ്ധമര്യാദകേടും ഇന്ത്യയിലെന്നല്ല, ലോകത്ത് ഒരു മനുഷ്യനും പറയാത്ത ശുദ്ധവിവരക്കേടാണ് അദ്ദേഹം പറഞ്ഞത്. ‘എന്റെ അച്ഛനും അമ്മയും കൂടി എന്നെ ജനിപ്പിച്ചതാണോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചാല്‍ എന്ത് ചെയ്യും. അതിലും കഷ്ടമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അതും എകെജിയെ പറ്റി, ഈ പ്രസ്താവനയെ തള്ളിപ്പറയാത്തതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരവും ഇതുതന്നെയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും ‘ എംഎം മണി പറഞ്ഞു.

സിപിഐഎമ്മിന്റെ സമുന്നത നേതാവും ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷനേതാവുമായിരുന്ന എ.കെ ഗോപാലനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

എകെജി ബാലപീഡനകനാണെന്നായിരുന്നു ബല്‍റാമിന്റെ വാക്കുകള്‍. പ്രതിഷേധം രൂക്ഷമായതോടെ വിശദീകരണവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. ദി ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മറുപടി.

വിവാഹ സമയത്ത് സുശീല ഗോപാലന്റെ പ്രായം 22 വയസായിരുന്നു. അങ്ങനെയെങ്കില്‍ പത്ത് വര്‍ഷം നീണ്ട പ്രണയത്തില്‍ അവര്‍ക്ക് എത്ര വയസുണ്ടാകുമെന്ന് കണക്കാക്കാവുന്നതേ ഉള്ളൂ എന്നാണ് വാദം. എ.കെ.ജിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുതെന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് നടക്കില്ലെന്നും ബല്‍റാം വിശദീകരിച്ചിരുന്നു.

Top