ഇത് അടിയന്തരാവസ്ഥാകാലമല്ല; ബി അശോകിനെതിരെ വിമർശനവുമായി എം എം മണി

കണ്ണൂർ: കെ എസ് ഇ ബിയിലെ ഇടത് സംഘടനയുടെ പ്രസിഡന്റായ എം ജി സുരേഷ് കുമാറിനെ സസ്പെന്റ് ചെയ്ത ചെയർമാൻ ബി അശോകിനെതിരെ വിമർശനവുമായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇത് അടിയന്തരാവസ്ഥാ കാലമല്ലെന്നും ചെയർമാൻ സ്വീകരിച്ച നടപടി ശരിയല്ലെന്നും എം എം മണി പ്രതികരിച്ചു.

കെ എസ് ഇ ബി ചെയർമാൻ കഴിവുള്ളവർക്കെതിരെയാണ് നടപടിയെടുത്തതെന്നും തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്നും എം എം മണി മുന്നറിയിപ്പ് നൽകി. സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട മണി, വൈദ്യുതി വകുപ്പ് മന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാൻിനെ ബോർഡ് ചെയർമാൻ സസ്പെന്റ് ചെയ്തത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെ എസ് ഇ ബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. നേരത്തേ എം എം മണിയുടെയും എ കെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ.

ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയർമാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് വിഷയത്തിൽ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി പ്രതികരിച്ചത്.

Top