എം.എ യൂസഫലിക്കെതിരെ നിന്നപ്പോൾ ഭീഷണി ഉണ്ടായെന്ന് എം.എം ലോറൻസ്

പ്രമുഖ വ്യവസായി എം.എ യൂസഫലിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.എം ലോറന്‍സ് രംഗത്ത്. യൂസഫലിയുടെ ഗ്രാന്‍ഡ് ഹയാത്തിനെതിരായ നിലപാടില്‍ ഒരു മാറ്റവും ഇല്ലന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാന്‍ഡ് ഹയാത്തിനെതിരായി മുന്നോട്ട് പോയ ഘട്ടത്തില്‍ തനിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും പാട്ടത്തിനെടുത്ത ബോള്‍ഗാട്ടിയിലെ 27 ഏക്കര്‍ ഭൂമിയില്‍ കോടികള്‍ ചെലവിട്ട് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററാണ് ലുലുഗ്രൂപ്പ് സ്ഥാപിച്ചിരുന്നത്. ഈ പദ്ധതിയെ, തുടക്കം മുതല്‍ ശക്തമായി എതിര്‍ത്ത നേതാവാണ് എം.എം ലോറന്‍സ്.

പദ്ധതിയുടെ ഭാഗമായി നാലായിരത്തോളം പേര്‍ക്ക് നേരിട്ടും പതിനായിരത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നായിരുന്നു ലുലു ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ബോള്‍ഗാട്ടിയിലെ ഭൂമി ലുലുവിന് പാട്ടത്തിന് നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നും കരാര്‍ റദ്ദാക്കണമെന്നുമായിരുന്നു സി.ഐ.ടി.യു നേതാവുകൂടിയായ ലോറന്‍സ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഈ നിലപാടില്‍ നിന്നും സിപിഎമ്മും സിഐടിയുവും പിന്നോട്ട് പോയെങ്കിലും താന്‍ പിന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ലോറന്‍സിന്റെ ഇപ്പോഴത്തെ പ്രതികരണം.

അഡ്വ.മനീഷ രാധാകൃഷ്ണന്‍ തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ വീഡിയോയില്‍ കാണാം:

Top