എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളത്: ലോറന്‍സ്

കൊച്ചി: കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായപരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിപിഎം സസ്പെന്‍ഡ് ചെയ്ത കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേയും എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ടിനേതിരേയും രൂക്ഷ വിമര്‍ശമാണ് അദ്ദേഹം ഉന്നയിച്ചത്.

സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി നടപടി പോരെന്ന് പറഞ്ഞ അദ്ദേഹം സക്കീറിന് ഇതുവരെ തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണെന്നും തുറന്നടിച്ചു.

എളമരം കരീമിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം പഴയകാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോ പാര്‍ട്ടിയിലുള്ളതെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ളതായിരുന്നു പണ്ടത്തെ വിഭാഗീയത എങ്കില്‍ സാമ്പത്തികവും സ്ഥാനമോഹവുമാണ് ഇപ്പോഴത്തേതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം തുറന്നടിച്ചു. സ്ഥാനം സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ടെന്നും ലോറന്‍സ് പറഞ്ഞു.

അനസക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. അത്തരം ഒരാള്‍ക്കെതിരെ സസ്പെന്‍ഷനല്ല വേണ്ടത്. കൂടുതല്‍ നടപടി വേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചുള്ള പരാതിയില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റും ജില്ല സമിതിയും നിലവിലെ കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈനെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ഒഴിവാക്കി ആറുമാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തതിരിക്കുന്നത്.

Top