ബിനീഷ് കോടിയേരി ഗുണ്ടയാണെന്ന് എം.എം ലോറന്‍സ്

കൊച്ചി: ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ്. ബിനീഷ് ഗുണ്ടയാണെന്നും ബിനീഷ് പണം സമ്പാദിക്കാന്‍ വളഞ്ഞ വഴി സ്വീകരിക്കുന്നുവെന്നും ലോറന്‍സ് പറഞ്ഞു.

ബിനീഷിനെ കുട്ടിക്കാലം മുതല്‍ എനിക്കറിയാം. വളരെ മര്യാദക്കാരനും സുമുഖനുമായിരുന്നു. വളര്‍ന്നു കഴിഞ്ഞപ്പോള്‍ സ്ഥിതിയൊക്കെ മാറി. പിന്നീട് ഗുണ്ടയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തെമ്മാടിയായി. അച്ഛന്‍ അറിഞ്ഞിട്ടോ അച്ഛനോട് ചോദിച്ചിട്ടോ ഒന്നുമല്ല ഇതൊക്കെ ചെയ്യുന്നത്. പണം സമ്പാദിക്കാനുള്ള മോഹം. ഇതിന് വളഞ്ഞ വഴി സ്വീകരിക്കുന്നു. മകന്‍ ചെയ്ത തെറ്റിന് പിതാവിനെ എന്തിന് കുറ്റപ്പെടുത്തണം.

സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോള്‍ സിപിഎമ്മിലെ ചിലര്‍ തെറ്റായ നിലപാട് സ്വീകരിക്കുന്നു. പദവികള്‍ ദുരുപയോഗം ചെയ്യുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ആത്മപരിശോധന നടത്തി തെറ്റ് തിരുത്താന്‍ തയാറാകണം. തെറ്റുണ്ടായാല്‍ തിരുത്താന്‍ തയാറാണെന്ന ഇഎംഎസിന്റെ നിലപാട് ഇന്നത്തെ പല നേതാക്കള്‍ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top