കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിച്ച് പള്ള വീര്‍പ്പിക്കുന്നെന്ന് എം.എം ഹസന്‍

m.m-hassan

തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിച്ച് പള്ള വീര്‍പ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.

രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിതം ഭാരമാവുകയാണെന്നും, ഇന്ധനവില വര്‍ദ്ധനയും വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും പെന്‍ഷന്‍ മുടക്കവും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നുവെന്നും, കൃഷിക്കാരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാത്ത സാഹചര്യത്തില്‍ അവര്‍ ആത്മഹത്യ ചെയ്യുന്നെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് രണ്ട് രൂപയും ആറ് മാസത്തിനിടെ ഡീസലിന് എട്ട് രൂപയും കൂട്ടിയെന്നും, അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും സര്‍ക്കാര്‍ ഓരോ ദിവസവും ഇന്ധനവില കൂട്ടുന്നുവെന്നും, അധിക നികുതി കുറച്ച് വിലക്കയറ്റമില്ലാതാക്കാന്‍ സി.പി.എം തയ്യാറാകണമെന്നും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന ഭാരം കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും, കാശില്ലാത്ത ഖജനാവും സെക്രട്ടേറിയറ്റും പൂട്ടിയിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സി.പി.എം സമ്മേളനങ്ങളില്‍ പങ്കെടുക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.

തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരാണിത്. സാമൂഹ്യക്ഷേമ, കെ.എസ്.ആര്‍.ടി.സി പെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുന്നു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കുമെന്ന പിണറായിയുടെ വാക്കിന് ചാക്കിന്റെ വില പോലുമില്ല. സര്‍ക്കാര്‍ നിര്‍മിത ദുരന്തമായി ഓഖി ദുരിതാശ്വാസം മാറിയെന്നും ഹസന്‍ പറഞ്ഞു.

Top