ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി എം എം ഹസന്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ് ആചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പരസ്യമായി എതിര്‍പ്പ്
രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ പേരില്‍ സംഘടന നടപടികളുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയാറാണ്. പ്രളയ ബാധിത മേഖലകളെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും പറഞ്ഞിരുന്നു. തന്റെ വ്യക്തിപരമായ അഭിപ്രായം യുഡിഎഫില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് എം എം ഹസ്സന്‍ പറഞ്ഞിരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത പ്രദേശങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

പ്രളയാനന്തര പ്രവര്‍ത്തനത്തെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫും വ്യക്തമാക്കിയിരുന്നു.

Top