സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; എം.എം ഹസന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്പ്രിംഗ്ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. നിലവിലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും റിപ്പോര്‍ട്ടിന് മേല്‍ റിപ്പോര്‍ട്ട് തേടി പുതിയ സമിതിയെ ചുമതലപ്പെടുത്തുന്നത് അഴിമതി മൂടിവയ്ക്കാനാണെന്നും ഹസന്‍ പറഞ്ഞു. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. റിട്ട. ജില്ലാ ജഡ്ജി ശശിധരന്‍ നായരാണ് സമിതിയുടെ അധ്യക്ഷന്‍. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ ആദ്യ സമിതി കരാറില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു.

ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കാനാണ് പുതിയ കമ്മിറ്റി. കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മന്ത്രിസഭാ തീരുമാനം ഇല്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.

Top