ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് എംഎം ഹസന്‍

MM Hassan

തിരുവനന്തപുരം : പിണറായിയുടെ വിജിലന്‍സ് അന്വേഷിച്ച് കുറ്റവിമുക്തനാക്കിയ ഇ.പി ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം തികച്ചും അധാര്‍മികമാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍.

അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് അധികാരത്തിലെത്തിയവര്‍, പാര്‍ട്ടി അഴിമതിക്കാരനാണെന്നു കണ്ടെത്തിയ വ്യക്തിയെ മുഖ്യമന്ത്രിയുടെ ചുമതലവരെ നല്‍കിയാണു വരവേല്‍ക്കുന്നത്. എകെ ശശീന്ദ്രനെയും വെള്ളപൂശി തിരിച്ചെടുത്തു. തോമസ് ചാണ്ടിയെയും കൂടി തിരിച്ചെടുത്താല്‍ പിണറായിയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടം പൂര്‍ണമാകുമെന്നും ഹസന്‍ വിമര്‍ശിച്ചു.

രണ്ടു വര്‍ഷം മന്ത്രിസഭയ്ക്കു പുറത്തുനിന്നതാണ് ജയരാജന്റെ യോഗ്യതയായി സിപിഐഎം കാണുന്നത്. രണ്ടുവര്‍ഷം കൊണ്ടു തേഞ്ഞുമാഞ്ഞു പോകുന്നതാണോ അഴിമതിയുടെ പാപക്കറകളെന്നു ഹസന്‍ ചോദിച്ചു. പുതിയ മന്ത്രി വരുന്നതുകൊണ്ടാണ് വകുപ്പുകളില്‍ മാറ്റം ഉണ്ടായതെന്നു സിപിഐഎം പറയുന്നു. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ കെടി ജലീലിന്റെയും പ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെയും സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് മറപിടിക്കാനാണ് വകുപ്പുമാറ്റം നടത്തിയതെന്നു വ്യക്തം.

യുഡിഎഫ് മന്ത്രിസഭയില്‍ 21 മന്ത്രിമാരും ഒരു ചീഫ് വിപ്പും ഉണ്ടായപ്പോള്‍ രൂക്ഷവിമര്‍ശനം നടത്തിയ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയില്‍ ഇപ്പോള്‍ 20 പേരായി. സിപിഐക്കു ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ നല്‍കുന്നു. ഇതോടെ ക്യാബിനറ്റ് പദവിയില്‍ വിഎസ് അച്യുതാനന്ദനും ബാലകൃഷ്ണ പിള്ളയും ഉള്‍പ്പെടെ മൂന്നു പേരായെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും എല്ലാവരും മുണ്ടുമുറുക്കിയുടുക്കണമെന്നും പറയുന്ന മുഖ്യമന്ത്രിക്ക് ഈ ധൂര്‍ത്തിനെക്കുറിച്ച് എന്താണു പറയാനുള്ളത്. അധികാരത്തിന്റെ ഒരു തുണ്ട് അപ്പക്കഷണം കിട്ടിയപ്പോള്‍ സിപിഐയും പറഞ്ഞെതെല്ലാം വിഴുങ്ങിയെന്നു ഹസന്‍ പറഞ്ഞു. അഴിമതിയുടെ കറപുരണ്ടയാളെ മന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കണോയെന്നു ന്യായാധിപന്‍ ആയിരുന്ന ഗവര്‍ണര്‍ ചിന്തിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Top