ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാനാവില്ല, മുഖ്യമന്ത്രിക്കെതിരെ എംഎം ഹസന്‍

mm-hassan

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ അഴിമതി ആരോപണങ്ങളുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. എ.ഐ ക്യാമറയില്‍ തീവെട്ടിക്കൊള്ളയാണ് നടന്നതെന്ന് പറഞ്ഞ അദ്ദേഹം 1500 കോടിയുടെ കെ ഫോണ്‍ പദ്ധതി അഴിമതി നടത്താന്‍ വേണ്ടി മാത്രമുള്ളതാണെന്നും വിമര്‍ശിച്ചു. ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാന്‍ പിണറായി വിജയന് സാധിക്കില്ലെന്നും പറഞ്ഞു.

മണിപ്പൂര്‍ കത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി കര്‍ണാടകയില്‍ റോഡ് ഷോയിലായിരുന്നുവെന്ന് വിമര്‍ശിച്ചാണ് എംഎം ഹസന്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. പിന്നാലെ വിമര്‍ശനം സംസ്ഥാന സര്‍ക്കാരിന് നേരെയായി. സംസ്ഥാന സര്‍ക്കാരിനെതിരെ യു ഡി എഫ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എഐ ക്യാമറയില്‍ തീവെട്ടിക്കൊള്ളയാണ് നടന്നത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല. 1500 കോടിയുടെ കെ ഫോണ്‍ പദ്ധതി അഴിമതി നടത്താന്‍ വേണ്ടി മാത്രമുള്ളതായിരുന്നുവെന്നും അതുകൊണ്ട് യുഡിഎഫ് കെ ഫോണ്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് മരുന്ന് ഗോഡൗണുകളില്‍ നടന്ന തീപിടുത്തങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയുള്ള തീപിടിത്തങ്ങളായിരുന്നു ഇവ. അഴിമതി ആരോപണം ഉന്നയിച്ചാല്‍ അപ്പോള്‍ അവിടെ തീ പിടിക്കുന്ന സ്ഥിതിയാണ്. വന്യമൃഗശല്യം തടയാന്‍ കേന്ദ്ര നിയമം കാലാനുസൃതമായി മാറ്റണം. ഈ ആവശ്യത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരദേശ ഹൈവേക്ക് സ്ഥലം ഏറ്റടുക്കുന്നതില്‍ സര്‍വത്ര ആശയക്കുഴപ്പമുണ്ടെന്നും മത്സ്യതൊഴിലാളികള്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം പഠിക്കാന്‍ ഷിബു ബേബി ജോണ്‍ കണ്‍വീനറായി കമ്മിറ്റിയെ നിയോഗിച്ചു. ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതലത്തില്‍ നേതൃയോഗം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുമെന്നും ശശി തരൂരിന്റെ പ്രസ്താവനയില്‍ വിശദീകരണം തേടേണ്ടത് എഐസിസിയാണെന്നും അദ്ദേഹം പറഞ്ഞു.

Top