തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. നാളെ (മാര്‍ച്ച് 13) മുതല്‍ എം എം ഹസന്‍ ചുമതല ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
കെപിസിസി പ്രസിഡന്റിന്റെ ചുമതല ഉള്ളതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു സുധാകരന്റെ ആദ്യ നിലപാട്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. ‘ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നായിരുന്നു എന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ തള്ളാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് എന്റെ അവസാന വാക്ക്. കണ്ണൂരില്‍ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ആവേശം കാണുമ്പോള്‍ മത്സരിക്കാനുള്ള പാര്‍ട്ടി നിര്‍ദേശം ശരിയാണെന്ന് മനസ്സിലായി. മത്സരിച്ചില്ലെങ്കില്‍ നിരാശയുണ്ടായേനെ.’ കെ.സുധാകരന്‍ വ്യക്തമാക്കി.
ഇപ്പോള്‍ യുഡിഎഫിന് അനുകൂലമാണ് കേരളത്തിലെ സാഹചര്യമെന്നും ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേരളത്തില്‍ യുഡിഎഫ് മനസ്സ് ഒരേ പോലെ ചിന്തിച്ചത് ആദ്യമാണെന്നും സുധാകരന്‍ പറഞ്ഞു. ഇരുപതില്‍ ഇരുപത് സീറ്റും എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.