വലിയ ശമ്പളത്തിൽ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറെ നിയമിച്ചത് സ്വജനപക്ഷപാതമെന്ന് ഹസൻ

HASSAN

തിരുവനന്തപുരം: വലിയ ശമ്പളത്തില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി എ. വേലപ്പന്‍ നായരെ നിയമിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് കെപിസിസി അംഗം എം.എം.ഹസന്‍.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ സിപിഎം അനുഭാവികളെയും സഹയാത്രികരെയും ആവശ്യമില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് കുടിയിരുത്തി പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

സര്‍ക്കാരിന്റെ കേസുകളുടെ നടത്തിപ്പിന് വേണ്ടിയാണ് ലെയ്‌സണ്‍ ഓഫീസറായി വേലപ്പന്‍ നായരെ വലിയ ശമ്പളം നല്‍കി നിയമിച്ചിരിക്കുന്നത്. കേസുകള്‍ നടത്താന്‍ അഡ്വക്കേറ്റ് ജനറല്‍മാരും ധാരാളം പ്ലീഡര്‍മാരും ഉള്ളപ്പോള്‍ അനാവശ്യമായിട്ടാണ് ഈ നിയമനം നടത്തിയിരിക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ നോക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അംഗത്തിനെ ചുമതലപ്പെടുത്താമെന്നിരിക്കെയാണ് അനാവശ്യമായ ഈ നിയമനം. വേലപ്പന്‍ നായരുടെ നിയമനം റദ്ദാക്കണം, ഹസ്സന്‍ വ്യക്തമാക്കി.

Top