ലീഗ് ബന്ധം ഉത്തരേന്ത്യയിൽ തിരിച്ചടിച്ചു, ജാർഖണ്ഡിൽ കോൺഗ്രസ്സിനെതിരെ ലീഗും

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയത്തില്‍ ലീഗ് വല്ലാതെ ആഹ്ലാദിക്കരുത്. മലപ്പുറത്തടക്കം മധുരം വിളമ്പി വിജയം ആഘോഷിച്ചവര്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് എതിരെയാണ് മത്സരിച്ചത്.

യു.പി.എ സഖ്യകക്ഷിയായി കേന്ദ്ര മന്ത്രിസ്ഥാനം വരെ ലഭിച്ച ലീഗാണ് മുന്നണി മര്യാദ മറന്ന് ജാര്‍ഖണ്ഡിലെ നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച – രാഷ്ട്രീയ ജനതാദള്‍ മഹാസഖ്യത്തിനെതിരെ മത്സരിച്ചത്. നാല് മണ്ഡലങ്ങളിലും കെട്ടിവെച്ച കാശുപോലും ലഭിക്കാതെ ദയനീയ പരാജയമേറ്റുവാങ്ങിയ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെല്ലാവരും ചേര്‍ന്നു നേടിയതാവട്ടെ കേവലം 3496 വോട്ടുകള്‍ മാത്രമാണ്.

അതേസമയം ജാര്‍ഖണ്ഡിലെ ഹാട്ടിയ മണ്ഡലത്തില്‍ സി.പി.എമ്മും മുസ്‌ലിം ലീഗും പിടിച്ച വോട്ടുകള്‍ ബി.ജെ.പി വിജയത്തിനും കോണ്‍ഗ്രസിന്റെ പരാജയത്തിനും വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഹാട്ടിയയില്‍ ബി.ജെ.പിയിലെ നവീന്‍ ജയ്‌സ്വാള്‍ 16264 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ അദയ്‌നാഥ് ഷഹീദോയെ പരാജയപ്പെടുത്തിയത്. ഇവിടെ സി.പി.എമ്മിലെ സുഭാഷ് മുണ്ട 14162 വോട്ടുകളും മുസ്‌ലിം ലീഗിലെ അബ്ദുല്ല അജ്ഹര്‍ അന്‍സാരി 345 വോട്ടും നേടുകയുണ്ടായി.

ഇവിടെ എട്ടു സ്വതന്ത്രന്മാരും മത്സരിച്ചിരുന്നു. നോട്ടക്ക് 1507 വോട്ടും ലഭിച്ചു. ഹാട്ടിയയില്‍ സി.പി.എമ്മിന്റെയും ലീഗിന്റെയും പിന്തുണയും പ്രതിപക്ഷ ഐക്യവുമുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് നിഷ്പ്രയാസം വിജയിക്കാമായിരുന്നു.

ജാര്‍മുണ്ഡിയിലാണ് മുസ്‌ലിം ലീഗിന് കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത്. ഇവിടെ ലീഗ് ടിക്കറ്റില്‍ മത്സരിച്ച മുഹമ്മദ് റാസി അഹമ്മദ് 2326 വോട്ടുകളാണ് നേടിയത്. ലീഗ് എതിരെ മത്സരിച്ചെങ്കിലും ജാര്‍മുണ്ഡിയില്‍ കോണ്‍ഗ്രസിലെ ബാദല്‍ 3099 വോട്ടുകള്‍ക്കാണ് വിജയിച്ചിരിക്കുന്നത്.

മാണ്ഡു മണ്ഡലത്തില്‍ മുസ്‌ലിം ലീഗിലെ അബ്ദുല്‍ ഖയ്യൂം അന്‍സാരി കേവലം 690 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഇവിടെ ജയ്പ്രകാശ്ഭായി പട്ടേലാണ് വിജയിച്ചത്. എ.ജെ.എസ്.യുവിലെ നിര്‍മ്മല്‍ മഹാതയാണ് രണ്ടാമതെത്തിയത്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്കാവട്ടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയുംവന്നു.

ജംഷഡ്പൂര്‍ വെസ്റ്റില്‍ ലീഗിലെ ഖമറുദ്ദീന്‍ റാസിക്ക് 135 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിലെ ബന്ന ഗുപ്ത 22583 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ജാര്‍ഖണ്ഡില്‍ ഏഴു മണ്ഡലങ്ങളില്‍ മുസ്‌ലിം ലീഗ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ മത്സരം നാലു മണ്ഡലങ്ങളിലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു.

ശക്തിതെളിയിക്കുക എന്നതായിരുന്നു ലീഗിന്റെ ലക്ഷ്യമെങ്കിലും എല്ലായിടത്തും കെട്ടിവെച്ച പണം പോലും ലഭിക്കാത്ത നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.

ജാര്‍ഖണ്ഡില്‍ മുസ്‌ലിം ലീഗിനേക്കാള്‍ മികച്ച പ്രകടനം നടത്തിയത് അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയാണ്. ലീഗിനേക്കാള്‍ മികച്ച പ്രകടനമാണ് അവര്‍ ഇവിടെ കാഴ്ചവെച്ചിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ഇടതുപക്ഷവും യോജിച്ച് മത്സരരംഗത്തുണ്ടായിരുന്നില്ല.

സി.പി.എമ്മും സി.പി.ഐയും സി.പി.ഐ എം.എല്‍ ലിബറേഷന്‍, മാര്‍ക്‌സിസ്റ്റ് കോ ഓര്‍ഡിനേഷന്‍, എസ്.യു.സി.ഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവയെല്ലാം വേറിട്ടാണ് മത്സരിച്ചിരുന്നത്.

സി.പി.എമ്മിനെയും സി.പി.ഐയെയും അത്ഭുതപ്പെടുത്തി ബഗോദര്‍ മണ്ഡലത്തില്‍ സി.പി.ഐ എം.എല്‍ ലിബറേഷന്റെ വിനോദ്കുമാര്‍ സിങ് 14545 വോട്ടിന്റെ തിളക്കമാര്‍ന്ന വിജയമാണ് നേടിയിട്ടുള്ളത്. 2014ല്‍ ഇവിടെ നിന്നും വിജയിച്ച ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ നാഗേന്ദ്ര മഹാതോവിനെയാണ് വിനോദ്കുമാര്‍ സിങ് തോല്‍പ്പിച്ചിരിക്കുന്നത്.

2005ലും 2009ലും സി.പി.ഐ എം.എല്ലിനു വേണ്ടി വിനോദ്കുമാര്‍ സിങ് തന്നെയായിരുന്നു ഇവിടെ നിന്നും വിജയിച്ചിരുന്നത്.

ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കേവലം 2049 വോട്ടുമാത്രമാണ് ലഭിച്ചത്. ഇടതുപാര്‍ട്ടിയായ ഫോര്‍വേര്‍ഡ് ബ്ലോക്ക് 1555 വോട്ടു പിടിച്ചിട്ടുപോലും സി.പി.ഐ എം.എല്‍ ലിബറേഷന് വിജയിക്കാനായി.

ഇടതുപക്ഷ സഖ്യം ഉണ്ടായിരുന്നുവെങ്കില്‍ ജാര്‍ഖണ്ഡില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ ചെമ്പടയ്ക്ക് കഴിയുമായിരുന്നു. ഹാട്ടിയ മണ്ഡലത്തില്‍ ഒറ്റക്ക് മത്സരിച്ചിട്ട് പോലും 14162 വോട്ടുകള്‍ നേടാന്‍ സിപിഎമ്മിനും കഴിഞ്ഞിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ ലീഗ് സ്വീകരിച്ച ഇരട്ടത്താപ്പ്‌നയം കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇപ്പോള്‍ ശരിക്കും ആയുധമാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചാണ് ഈ വിഭാഗത്തിന്റെ പ്രധാന പ്രചരണം. അര്‍ഹതയില്ലാത്ത പരിഗണന ലീഗിന് നല്‍കിയിട്ട് പോലും അവര്‍ ‘തനിനിറം’ കാട്ടിയെന്നാണ് ആരോപണം.

2004ല്‍ ഒറ്റ എം.പി മാത്രമുണ്ടായിരിന്നിട്ടും ഇ അഹമ്മദിന് കോണ്‍ഗ്രസ് കേന്ദ്രസഹമന്ത്രിസ്ഥാനം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ലീഗ് ബന്ധം നഷ്ടം മാത്രമാണ് കോണ്‍ഗ്രസിനുണ്ടാക്കിയത് എന്ന പ്രചരണവും ഇതോടെ ശക്തമായിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ലീഗ് ബന്ധം ഉയര്‍ത്തികാട്ടിയാണ് ഉത്തരേന്ത്യയില്‍ ബി.ജെ.പിയും സംഘപരിവാറും
കോണ്‍ഗ്രസിനെതിരെ വര്‍ഗീയ പ്രചരണം നയിച്ചിരുന്നത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് പതാകകള്‍ ഉയര്‍ത്തിയത് ചൂണ്ടികാട്ടി രാഹുല്‍ മത്സരിക്കുന്നത് പാക്കിസ്ഥാനിലാണോ എന്ന ചോദ്യമാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പോലും ഉയര്‍ത്തിയിരുന്നത്.

ഉത്തരേന്ത്യയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി വര്‍ഗീയ കാര്‍ഡിറക്കിയപ്പോള്‍ നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ പോലും രാഹുല്‍ഗാന്ധി പരാജയപ്പെടുകയായിരുന്നു.

ലീഗുമൊത്തുള്ള രാഹുലിന്റെ വയനാട് പ്രചരണമാണ് ഉത്തരേന്ത്യയില്‍ ബിജെപിക്ക് സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കിയതെന്ന ആക്ഷേപം കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്. പക്ഷെ അവരാരും ഇക്കാര്യം തുറന്ന് പറയാന്‍ ധൈര്യപ്പെടുന്നില്ലെന്ന് മാത്രം.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഇടതുപക്ഷത്തുനിന്നും രാജിവെച്ചെത്തിയ മഞ്ഞളാംകുഴി അലിക്കുവേണ്ടി ലീഗ് അഞ്ചാം മന്ത്രി സ്ഥാനം പിടിച്ചുവാങ്ങിയതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ച സംഭവമാണ്. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തിനെതിരെ എന്‍.എസ്.എസ് രംഗത്തുവന്നെങ്കിലും ലീഗിനെ പിണക്കാന്‍ കോണ്‍ഗ്രസ് അപ്പോഴും തയ്യാറായിരുന്നില്ല.

മതം നോക്കിയുള്ള പൗരത്വ നിയമവും ദേശീയ പൗരത്വരജിസ്റ്ററും നടപ്പാക്കി വിഭജന രാഷ്ടീയം കളിക്കുന്ന ബി.ജെ.പിക്കെതിരെ ജനാധിപത്യ മതേതരകക്ഷികളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ സഖ്യകക്ഷിയായ മുസ്‌ലിം ലീഗ് മത്സരിച്ചത് ശരിയായില്ലെന്ന നിലപാട് ലീഗിനൊപ്പമുള്ള നേതാക്കള്‍ക്കിടയിലും ശക്തമാണ്.

എന്നാല്‍ ജാര്‍ഖണ്ഡില്‍ യു.പി.എ മുന്നണി സംവിധാനം ഉണ്ടായിരുന്നില്ലെന്നും എന്‍.സി.പിയടക്കം ഇവിടെ വേറിട്ടാണ് മത്സരിച്ചതെന്നുമാണ് ലീഗ് നേതൃത്വം ന്യായീകരിക്കുന്നത്.

കേരളത്തില്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഉയര്‍ത്തി ലീഗിനെ എതിര്‍ക്കാനാവാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. പൗരത്വ നിയമത്തിനെതിരെ സി.പി.എമ്മുമായി യോജിച്ച സമരം നടത്താമെന്ന നിലപാടെടുത്തും ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

യോജിച്ച സമരത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ ചെന്നിത്തലയെ സംരക്ഷിക്കാനെത്തിയത് പോലും മുസ്ലീം ലീഗായിരുന്നു.

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിജയിച്ചത് മലപ്പുറത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മധുരം വിളമ്പിയാണ് ആഘോഷിച്ചിരുന്നത്. മലപ്പുറത്തെ ലീഗ് എം.എല്‍.എ ഉബൈദുള്ള അടക്കമുള്ളവരാണ് മധുരം നല്‍കാന്‍ മുന്നിട്ടിറങ്ങിയിരുന്നത്.

ജാര്‍ഖണ്ഡില്‍ ലീഗ് കോണ്‍ഗ്രസിനെതിരെയാണ് മത്സരിച്ചതെന്ന യഥാര്‍ത്ഥ്യമറിയാതെയായിരുന്നു ലീഗുകാരുടെ ഈ മധുരം വിളമ്പല്‍.

ദേശീയ രാഷ്ട്രീയത്തില്‍ മൂന്ന് ലോക്‌സഭാ എം.പിമാരാണ് മുസ്ലീം ലീഗിനുള്ളത്. കേരളത്തില്‍ നിന്നുള്ള രണ്ട് സീറ്റുകള്‍ക്കു പുറമെ തമിഴ്‌നാട്ടില്‍ നിന്നാണ് മറ്റൊരു സീറ്റ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ ഡി.എം.കെയുടെ ചിലവിലുമായിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒതുങ്ങിയ മുസ്‌ലിം ലീഗിനെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാക്കാനാണ് ലീഗ് നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലീഗിനെ ഒപ്പം നിര്‍ത്തുന്നത് തിരിച്ചടിയാവുമെന്ന കണക്ക്കൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതുകൊണ്ടാണവര്‍ അവിടെ ലീഗ് ബന്ധത്തിന് വലിയ താത്പര്യം കാണിക്കാതിരിക്കുന്നത്.

ഒപ്പം കൂട്ടിയില്ലങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നതാണ് നിലവിലെ ലീഗ് നയം. ഇതാണിപ്പോള്‍ ജാര്‍ഖണ്ഡിലും കണ്ടിരിക്കുന്നത്.

എ.ഐ.എം.ഐ.എമ്മിന്റെ മുന്നേറ്റമാണ് ലീഗിനെ ഇങ്ങനെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത് പാര്‍ലമെന്റില്‍ ഒവൈസിയുടെ ഇടിമുഴക്കത്തിന് മുന്നില്‍ അന്തം വിട്ടിരിക്കുകയാണിപ്പോള്‍ ലീഗ് എം.പിമാര്‍. കേരളത്തിലും എ.ഐ.എം.ഐ.എം പിടിമുറുകിയാല്‍ അടിത്തറ തകരുമെന്ന ഭയവും ലീഗിനുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ലീഗിപ്പോള്‍ ശ്രമിക്കുന്നത്.

പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ ഇടതുപക്ഷം നേട്ടമുണ്ടാക്കുന്നതിലും ലീഗ് ആശങ്കയിലാണ്. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാട് ലീഗിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മുല്ലപ്പള്ളിയെ തള്ളി പറയാന്‍ ലീഗിനെ പ്രേരിപ്പിച്ചത് തന്നെ, വരാന്‍ സാധ്യതയുള്ള അപകടം മുന്നില്‍ കണ്ടാണ്.

മലപ്പുറത്തടക്കം ഇടതുപക്ഷ പ്രക്ഷോഭത്തില്‍ വലിയ ജനപങ്കാളിത്വമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. മനുഷ്യ ചങ്ങലയോടെ ഇത് കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് ലീഗ് ഭയക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇടതിന് ഒപ്പം പോകണമെന്ന നിലപാട് ലീഗ് സ്വീകരിക്കുന്നത്.

എന്നാല്‍ യു.ഡി.എഫ് സ്വന്തം നിലയ്ക്ക് പ്രക്ഷോഭം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് നേത്യത്വമുള്ളത്. മറ്റു ഘടകകക്ഷികളും ഈ നിലപാടിനൊപ്പം തന്നെയാണ്. ഇതോടെ വീണ്ടും ലീഗ് നേതൃത്വം തന്നെയാണിപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത്.

Political Reporter

Top