രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയിടാൻ രാജി നൽകിയ എംഎൽഎമാർ രാജി പിൻവലിച്ചു

ജയ്പൂർ : മൂന്ന് മാസം മുമ്പ് സ്പീക്കർക്ക് സമർപ്പിച്ച രാജി പിൻവലിച്ച് രാജസ്ഥാനിലെ എംഎൽഎമാർ. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയിടാൻ രാജി നൽകിയവരാണ് ഇപ്പോൾ രാജി പിൻവലിച്ചിരിക്കുന്നത്. രാജിയിൽ തീരുമാനമെടുക്കാത്ത സ്പീക്കർക്കെതിരെ പ്രതിപക്ഷം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് നടപടി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജസ്ഥാനിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കത്തെയും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തെയും തടഞ്ഞത് ഈ എംഎൽഎമാരുടെ രാജി ഭീഷണി കൂടിയായിരുന്നു.

സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയായാൽ രാജി വയ്ക്കുമെന്ന ഭീഷണി മുഴക്കി 91 എംഎൽഎമാരാണ് സ്പീക്കർക്ക് കത്ത് നൽകിയത്. സെപ്റ്റംബർ 25നായിരുന്നു സംഭവം നടന്നത്. രാജിക്കത്ത് നൽകിയ ശേഷവും സ്പീക്കർ യാതൊരു നടപടിയുമെടുത്തിരുന്നില്ല. തുടർന്ന് ഇതിനെതിരെ പ്രതിപക്ഷം രാജസ്ഥാൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. കഴിഞ്ഞ ഡിസംബർ ആറിന് ഇത് സംബന്ധിച്ച വിശദീകരണം നൽകാൻ കോടതി നിർദ്ദേശം നൽകി. മൂന്ന് ആഴ്ചത്തെ സമയമാണ് കോടതി നൽകിയത്. നാളെ ഈ കേസ് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോഴുണ്ടാകാവുന്ന നൂലാമാലാകളിൽ നിന്ന് തലയൂരുന്നതിനാണ് എംഎൽഎമാർ ഒന്നൊന്നായി രാജി പിൻവലിച്ചുകൊണ്ടിരിക്കുന്നത്.

Top