നിയമസഭാ കവാടത്തിന് മുന്നില്‍ നിരാഹര സമരവുമായി എംഎല്‍എമാര്‍

തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നിയമസഭാ കവാടത്തിൽ പ്രതിപക്ഷ എംഎൽഎമാർ നിരാഹാരസമരം തുടങ്ങും. ബജറ്റ് ചർച്ചയ്ക്ക് മുൻപ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇത് സംബന്ധിച്ച് നിയമസഭയിൽ പ്രഖ്യാപനം നടത്തും.

മൂന്ന് എംഎൽഎമാർ വീതമാണ് സത്യാഗ്രഹസമരത്തിൽ പങ്കെടുക്കുക. ഇന്ന് ചേർന്ന യുഡിഎഫ് പാർലമെന്ററി കാര്യസമതിയുടെതാണ് തീരുമാനം.

ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ധന സെസ് പിൻവലിക്കുക. അശാസ്ത്രീയമായി കൂട്ടിയ നികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബജറ്റിലെ നികുതി നിർദേശങ്ങൾ അപ്പാടെ അശാസ്ത്രീയമാണെന്നും ജനങ്ങളുടെ മേൽ അധികഭാരം കെട്ടുവയ്ക്കുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അധിക ചാർജ് പിൻവലിക്കുംവരെ പ്രതിഷേധം തുടരുമെന്ന് എംഎൽഎമാർ പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും സഭാ നടപടികളുമായി സഹകരിക്കുകയും ചെയ്തു.

Top