രാജി സ്വീകരിക്കുന്നില്ല; കര്‍ണാടകയില്‍ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു

ബംഗളൂരു: രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി കര്‍ണാടകയില്‍ അഞ്ച് വിമത എം.എല്‍.എമാര്‍ കൂടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് ഹര്‍ജി. കെ.സുധാകര്‍, റോഷന്‍ ബെയ്ഗ്, എം.ടി.ബി നാഗരാജ്, മുനിരത്‌ന നായിഡു, ആനന്ദ് സിംഗ് എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ കോടതിയെ സമീപിച്ച എംഎല്‍എമാരുടെ എണ്ണം 15 ആയി.

സുധാകര്‍, റോഷന്‍ ബെയ്ഗ്, എം.ടി.ബി നാഗരാജ് എന്നിവരുമായി കോണ്‍ഗ്രസും കുമാരസ്വാമിയും ചര്‍ച്ചനടത്തിവരുന്നതിനിടെയാണ് പുതിയ നീക്കം. മുംബൈയിലേക്കുപോയ 10 എംഎല്‍എമാരാണ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചത്. രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയായിരുന്നു ഹര്‍ജി. വൈകുന്നേരം ആറിനകം സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കാന്‍ ഇതോടെ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവിനെതിരേ സ്പീക്കറും സുപ്രീംകോടതിയിലെത്തി. ഇതിനെ തുടര്‍ന്ന് വിമത എംഎല്‍എമാരുടെ രാജിയിലും അവര്‍ക്കെതിരായ അയോഗ്യതാ നടപടികളിലും തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

Top