കൊച്ചിയിൽ നടക്കാനിരുന്ന ബ്ലാസ്റ്റേഴ്സിന്റെ സിലക്‌ഷൻ ട്രയൽസ് തടഞ്ഞ് പി.വി.ശ്രീനിജൻ എംഎൽഎ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജൻ. സ്പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് എംഎൽഎ സിലക്ഷൻ ട്രയൽസ് തടഞ്ഞത്. സിലക്‌ഷൻ ട്രയൽസ് നടക്കുന്ന കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എംഎൽഎ പൂട്ടിയതോടെ, സിലക്ഷനായെത്തിയ നൂറിലധികം കുട്ടികൾ ഒരു മണിക്കൂറോളം സമയം ഗേറ്റിനു പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. ഇതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി.

പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഗൗണ്ടിലാണ് സിലക്‌ഷൻ ട്രയല്‍സ്‌ നടക്കേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെ പൂട്ടിയിട്ട ‌ഗേറ്റ് അധികൃതരെത്തി തുറന്നുകൊടുത്തു. കായികമന്ത്രി വി.അബ്ദുറഹിമാൻ ഉൾപ്പെടെ ഇടപെട്ടതോടെ കോർപറേഷൻ കൗൺസിലർമാർ സ്ഥലത്തെത്തിയാണ് ഗേറ്റു തുറന്നത്. വാടക കൃത്യമായി നൽകിയിരുന്നുവെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ രംഗത്തെത്തിയിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലും പി.വി.ശ്രീനിജൻ എംഎൽഎയുടെ നടപടിയെ തള്ളിപ്പറഞ്ഞു. അതേസമയം, അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് എംഎൽഎ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എംഎൽഎ പറഞ്ഞു.

ഇന്നു രാവിലെയാണ് കൊച്ചിയിൽ നാടകീയ സംഭവങ്ങളുടെ തുടക്കം. എട്ടു മാസത്തെ വാടകയായി എട്ടു ലക്ഷം രൂപ കിട്ടാനുണ്ടെന്ന വാദമുയർത്തിയാണ് പി.വി.ശ്രീനിജൻ‌ എംഎൽഎ സിലക്‌ഷൻ ട്രയൽസ് തടഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസാണ് പനമ്പിള്ളി നഗർ സ്കൂളിലെ ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്നത്. ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുട്ടികളും രക്ഷിതാക്കളും കൊച്ചിയിലെത്തിയിരുന്നു. ഫുട്ബോൾ സ്വപ്നവുമായി ഇന്നലെ രാത്രി തന്നെ കൊച്ചിയിലെത്തിയ കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു.

ഇന്നു രാവിലെ സിലക്‌ഷൻ ട്രയൽസിനായി സ്കൂളിലെത്തിയപ്പോഴാണ് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. തുടർന്ന് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ്, സ്പോർട്സ് കൗൺസിലിന് വാടക നൽകിയില്ലെന്ന ആരോപണവുമായി പി.വി.ശ്രീനിജൻ എംഎൽഎ ഗേറ്റ് പൂട്ടിയെന്ന മറുപടി ലഭിച്ചത്. സ്പോർട്സ് കൗൺസിലിന് കേരള ബ്ലാസ്റ്റേഴ്സ് നൽകാനുള്ള വാടക കുടിശികയായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അതേസമയം, വാടക കൃത്യമായിത്തന്നെ നൽകിയിട്ടുണ്ടെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റിന്റെ നിലപാട്. സംസ്ഥാന സ്പോർട്സ് കൗൺസിലുമായാണ് ബ്ലാസ്റ്റേഴ്സിന്റെ കരാറെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂൾ ഗ്രൗണ്ടിന്റെ വാടക കൃത്യമായി സംസ്ഥാന സ്പോർട്സ് കൗൺസിലിനു നൽകിയിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് ഗേറ്റ് പൂട്ടിയതെന്ന് അറിയില്ലെന്നും അവർ വിശദീകരിച്ചു.

Top