എംഎല്‍എയ്‌ക്കെതിരെ സമരം നടത്തിയ നേതാവിനെ പാതിരാത്രി വളഞ്ഞു പിടിച്ച് പൊലീസ്

anwar

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാതിരാത്രി വീടുവളഞ്ഞ് പോലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കൂടരമി മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി ജിജുവിനെയാണ് ഇന്നലെ അര്‍ധരാത്രി തിരുവമ്പാടി എസ്.ഐ സനല്‍രാജും സംഘവും വീടുവളഞ്ഞ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വര്‍ഷമാണ് അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍തീംപാര്‍ക്കിലെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പാര്‍ക്കിന് 200 മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു. അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ പ്രസംഗ ത്തിനുശേഷം മാര്‍ച്ച് പിരിഞ്ഞു. എന്നാല്‍ അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിനും മറ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി അജ്മല്‍, വയനാട് പാര്‍ലമെന്റ് കമ്മറ്റിവൈസ് പ്രസിഡന്റ് ഹാരിസ്ബാബു ചാലിയാര്‍, കെ.വി ജിജു എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ കേസെടുത്തു.

ഇവരില്‍ ജിജുവിനെ മാത്രമാണ് വീടുവളഞ്ഞ് പിടികൂടിയത്. പാര്‍ക്കിലെ നിയമലംഘനങ്ങള്‍ ജിജു വിവരവാകാശ നിയമപ്രകാരം പുറത്തു കൊണ്ടുവരുകയും ലോകായുക്തയില്‍ കേസു നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള പകപോക്കാനാണ് കൊലപാതകക്കേസ് പ്രതിയെ പിടികൂടുന്നതു പോലെ പാതിരാത്രി പോലീസ് വീടുവളഞ്ഞ് പിടികൂടിയതെന്ന് ജിജു പറഞ്ഞു.നിസാര കേസിന് പാതിരാത്രി അറസ്റ്റു ചെയ്തതിന് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശിവദാസന്‍ പോലീസിനെ വിമര്‍ശിച്ചു. അവധി ദിനത്തില്‍ അറസ്റ്റു ചെയ്ത് ഹാജരാക്കിയത് ഒരുദിവസമെങ്കിലും ജയിലില്‍ കിടത്താനല്ലേ എന്നും എന്നാല്‍ ജാമ്യം അനുവദിക്കുകയാണെന്നും മജിസ്‌ടേറ്റ് പറഞ്ഞു.

ഇന്നുരാവിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ജിജുവിനെ ഹാജരാക്കിയത്. അതേസമയം, കോടതിയുടെ അറസ്റ്റു വാറന്റുള്ളതിനാല്‍ സ്‌പെഷല്‍ ഡ്രൈവിലാണ് അറസ്റ്റു ചെയ്തതെന്നു പോലീസ് പറഞ്ഞു. പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന മനാഫ് വധക്കേസില്‍ 23 വര്‍ഷമായിട്ടും എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖ്, ഷെരീഫ് എന്നിവരെ അറസ്റ്റു ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നല്‍കിയ ഹര്‍ജിയില്‍ വിദേശത്തുള്ള പ്രതികളെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇന്റര്‍പോളിന്റെ സഹായേത്താടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവു പോലും പോലീസ് പാലിച്ചിട്ടില്ല. ഇതിനിടെയാണ് എം.എല്‍.എയുടെ പാര്‍ക്കിനെതിരെ സമരം നടത്തിയതിന് പാതിരാത്രിയില്‍ വീടുവളഞ്ഞുള്ള അറസ്റ്റ്.

Top