ഭക്ഷണം വിതരണം ചെയ്ത സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മാഹി: മാഹിയില്‍ ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. കഴിഞ്ഞ ദിവസം മാഹി ബീച്ച് റോഡിലാണ് സംഭവം. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരോധന ഉത്തരവ് ലംഘിച്ച് അവശ്യവസ്തു വിതരണത്തിന് ധാരാളം സി.പി.എം പ്രവര്‍ത്തകര്‍ ബീച്ച് റോഡില്‍ തടിച്ചുകൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാഹിയിലെ സി.പി.എം പിന്തുണയുള്ള സ്വതന്ത്ര എം.എല്‍.എയാണ് രാമചന്ദ്രന്‍.എം.എല്‍.എക്കും കണ്ടാലറിയാവുന്ന എട്ടോളം പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഐ.പി.സി 269, 188 വകുപ്പുകളും 2005ലെ ദുരന്ത നിവാരണ നിയമം 51 (ബി) വകുപ്പും പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെ മൂന്നാം വകുപ്പുമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

എന്നാല്‍, ബീച്ച് റോഡില്‍ ഭക്ഷണസാധന വിതരണത്തിന് താന്‍ ഉണ്ടായിരുന്നില്ലെന്ന് എം.എല്‍.എ പറഞ്ഞിരുന്നു. ചടങ്ങിന്റെ ലളിതമായ ഉദ്ഘാടനം നേരത്തെ നിര്‍വഹിച്ചിരുന്നു. വിതരണത്തിന് തന്റെ വാഹനം വിട്ടുകൊടുത്തിരുന്നതായും എം.എല്‍.എ പറഞ്ഞു.

Top