സിദ്ധാര്‍ത്ഥന്‍ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത: കെ കെ രമ

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയെന്ന് കെകെ രമ എംഎല്‍എ. ഞങ്ങളെ പോലുള്ളവരുടെ പൊതുജീവിതത്തില്‍ ഇപ്പോഴും ഏറ്റവും നിറമുള്ള ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഗൃഹാതുര കാലം കൂടിയാണ് എസ്എഫ്‌ഐക്കാലം. സമരങ്ങളും പോലീസിന്റെ ക്രൂരമര്‍ദ്ദനവും ആശുപത്രിവാസവും ജയില്‍വാസവും എല്ലാം ഉള്ളടങ്ങുന്ന ആ കാലം സാഹസികതകളെന്ന പോലെ സര്‍ഗാത്മകമായ സൗഹൃദങ്ങളുടെ കാലം കൂടിയായിരുന്നു.

ക്രൂരകൃത്യത്തിന് പിന്നിലെ സകലരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മാതൃകാപരമായി ശിക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും കെ കെ രമ പറഞ്ഞു. എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് കെകെ രമ രംഗത്തെത്തിയത്.

‘ഞങ്ങളുടെ കയ്യില്‍ എതിരാളികളുടെ രക്തം പുരണ്ടിട്ടില്ല എന്നായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തനകാലത്ത് ഞങ്ങളൊക്കെ സാഭിമാനം വിളിച്ചു പറഞ്ഞിരുന്നത് . നിങ്ങളുടെ എതിരാളി പോലുമല്ലാത്ത ഒരു പാവം വിദ്യാര്‍ത്ഥിയുടെ ജീവനും ജീവിതവും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും ആകെ തകര്‍ത്തിട്ട് നിങ്ങള്‍ എന്താണ് നേടിയത്?’ കെ കെ രമ ചോദിച്ചു. സിപിഐഎം എന്ന പ്രസ്താനത്തിന്റെ അപചയങ്ങളിലും വഴിവിട്ട പോക്കിലും ഏറ്റവും വേദനിപ്പിക്കുന്ന തകര്‍ച്ച എസ്എഫ്ഐയെ ബാധിച്ച ഈ മൂല്യരാഹിത്യം തന്നെയാണെന്നും കെകെ രമ പറഞ്ഞു.

Top