എംഎല്‍എ ഹൗസില്‍ പ്രവേശിക്കരുത്, മാധ്യമ പ്രവര്‍ത്തകരെ വിലക്കി സ്പീക്കര്‍

ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എ ഹൗസില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. വിധാനസൗദയ്ക്ക് സമീപമുള്ള എംഎല്‍എ ഹൗസില്‍ പ്രവേശിക്കുന്നതിനാണ് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ക്യാമറാമാന്‍മാര്‍ക്കുമാണ് എംഎല്‍എ ഹൗസില്‍ പ്രവേശിക്കുന്നതിന് സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തിയത്.

വിവിധ മണ്ഡലങ്ങളില്‍നിന്ന് എത്തുന്ന എംഎല്‍എമാര്‍ അവരുടെ ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനായാണ് എംഎല്‍എ ഹൗസില്‍ എത്തുന്നത്. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ അവരെ കാണുന്നതിനായി എത്തുന്നത് സ്വകാര്യതാ ലംഘനമാണ്. ഇനി എംഎല്‍എമാര്‍ക്ക് മാധ്യമങ്ങളുമായി സംവദിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എംഎല്‍എ ഹൗസിന്റെ ഗേറ്റിന് പുറത്ത് എംഎല്‍എമാരുമായി സംസാരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മാസങ്ങള്‍ക്കു മുന്‍പ് കര്‍ണാടക നിയമസഭയില്‍ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ ക്യാമറകള്‍ ഉപയോഗിക്കുന്നത് സ്പീക്കര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

Top