ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഛണ്ഡീഗഢ് : ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയാകുന്ന ദുഷ്യന്ത് ചൌട്ടാലയും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ശേഷം ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

40 ബി.ജെ.പി എം.എല്‍.എമാരുടെയും പത്ത് ജെ.ജെ.പി എം.എല്‍.എമാരുടെയും 7 സ്വതന്ത്രരുടെയും പിന്തുണയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനുള്ളത്. പിന്തുണ സംബന്ധിച്ച് വ്യക്തത വന്നതോടെ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് നിയമസഭ കക്ഷി നേതാവായി മനോഹര്‍ ലാല്‍ ഖട്ടാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ഗവര്‍ണറെ കണ്ട് ഖട്ടാര്‍ സര്‍ക്കാര്‍ രൂപികരിക്കാനുളള അവകാശവാദം ഉന്നയിച്ചു. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങും കേന്ദ്ര നിരീക്ഷകരായി നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നു.

സഖ്യം സംബന്ധിച്ച് ധാരണായയോടെ പരോള്‍ ലഭിച്ച ദുഷ്യന്തിന്റെ പിതാവ് അജയ് ചൌട്ടാലയും സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുത്തേക്കും. അധ്യാപക നിയമനത്തിലെ അഴിമതിയെ തുടര്‍ന്നാണ് അജയ് ചൌട്ടാലയും മുന്‍ മുഖ്യമന്ത്രിയും പിതാവുമായ ഓം പ്രകാശ് ചൌട്ടാലയും തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്നത്. അതേസമയം ജെ.ജെ.പി ബി.ജെ.പിക്ക് പിന്തുണ നല്‍കിയതില്‍ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ സൈനീകനായ തേജ് ബഹാദൂര്‍ യാദവ് ജെ.ജെ.പി വിട്ടു. ബിജെപിയുടെ ബി ടീമായി ജെ.ജെ.പി മാറിയെന്നും തേജ് ബഹാദൂര്‍ വിമര്‍ശിച്ചു.

Top