അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് എം.കെ സ്റ്റാലിന്റെ ഭാര്യയ്ക്കും ക്ഷണം

ചെന്നൈ: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യയ്ക്കും ക്ഷണം. ദുര്‍ഗ സ്റ്റാലിനെ ആര്‍.എസ്.എസ്-വി.എച്ച്.പി നേതാക്കള്‍ ചെന്നൈയിലെ വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. അക്ഷതവും ഔദ്യോഗിക ക്ഷണവും അവര്‍ ദുര്‍ഗയ്ക്കു കൈമാറി. മറ്റൊരവസരത്തില്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് അവര്‍ അറിയിച്ചതായാണു വിവരം.

കഴിഞ്ഞ വര്‍ഷം ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത് വാര്‍ത്തയായിരുന്നു. 2023 ആഗസ്റ്റിലാണ് അവര്‍ ഗുരുവായൂരിലെത്തി സ്വര്‍ണ കിരീടം അര്‍പ്പിച്ചത്. 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ കിരീടമായിരുന്നു ഇത്. ഇതിനു പുറമെ ക്ഷേത്രത്തിനായി മറ്റു സംഭാവനകളും നല്‍കിയാണ് അവര്‍ മടങ്ങിയത്. സഹോദരി ജയന്തിക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു സന്ദര്‍ശനം.

Top