സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് സ്റ്റാലിന്റെ മിന്നല്‍ പരിശോധന !

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി ഞെട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ വിവിധ ചടങ്ങുകളുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകള്‍ക്കിടെയായിരുന്നു മിന്നല്‍ പരിശോധനയ്ക്കായി മുഖ്യമന്ത്രി സര്‍ക്കാര്‍ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും കടന്നുചെന്നത്.

ധര്‍മപുരി ജില്ലയിലെ പെണ്ണഗരത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാരിന്റെ തന്നെ ആദിദ്രാവിഡാര്‍ ക്ഷേമ വിദ്യാര്‍ഥി ഹോസ്റ്റലിലാണ് മുഖ്യമന്ത്രി എത്തിയത്. ഹോസ്റ്റല്‍ സൗകര്യങ്ങളും ഭക്ഷണവും എല്ലാം വിദ്യാര്‍ഥികളോട് അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. ഹോസ്റ്റല്‍ മുറികളിലെ സൗകര്യങ്ങള്‍, ശുചിമുറി, അടുക്കള, ഭക്ഷണമുറി എന്നിങ്ങനെ എല്ലായിടത്തും സ്റ്റാലിന്‍ കയറി നോക്കി വിലയിരുത്തി. വിദ്യാര്‍ഥികളുമായി സംസാരിച്ച് അവരുടെ ആവശ്യം കൂടി അറിഞ്ഞശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഇതിനു പിന്നാലെ ധര്‍മപുരി ജില്ലയിലെ ആദിയമ്മന്‍കോട്ടെ പൊലീസ് സ്റ്റേഷനിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. ധര്‍മപുരിയില്‍ നിന്നും സേലത്തേക്കുള്ള രാത്രി യാത്രയിലായിരുന്നു ഈ മിന്നല്‍ സന്ദര്‍ശനം. മുഖ്യമന്ത്രി ഇതുവഴി കടന്നുപോകുമെന്നല്ലാതെ സ്റ്റേഷനില്‍ നേരിട്ടെത്തുമെന്ന് ഒരു ധാരണയും പൊലീസുകാര്‍ക്ക് ഇല്ലായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം രജിസ്റ്ററുകള്‍ വിശദമായി പരിശോധിച്ചു. ലഭിച്ച പരാതികള്‍ അതിലെടുത്ത നടപടികള്‍ എങ്ങനെ സ്റ്റേഷന്റെ പ്രവര്‍ത്തനം കൃത്യമാണോ എന്ന് അദ്ദേഹം സമയം ചെലവഴിച്ച് പരിശോധിച്ചു. പൊതുജനങ്ങളോടുള്ള പൊലീസ് നിലപാടുകളും പരാതികളില്‍ മേലുള്ള നടപടികളും നേരിട്ട് അറിയാനായിരുന്നു സ്റ്റാലിന്റെ ഈ വരവ്.

Top