പരസ്യങ്ങളിലൂടെയല്ല തന്നെ ജനങ്ങൾ ഓർക്കുന്നതെന്ന് എം കെ സ്റ്റാലിന്‍

താന്‍ പരസ്യപ്രേമിയല്ലെന്നും ജനങ്ങളുടെ മനസ്സിലാണ് ജീവിക്കുന്നതെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. റാണിപ്പേട്ടയില്‍ 118 കോടി രൂപ ചെലവില്‍ നിര്‍മിച്ച കളക്ടര്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘സ്റ്റാലിന്‍ പരസ്യമോഹിയെന്നു പലരും പറയുന്നുണ്ട്. പരസ്യത്തിന്റെ ആവശ്യം എനിക്കില്ല. എന്റെ പ്രവൃത്തികളിലൂടെ ജനമനസ്സിലെത്തുന്നു. ദ്രാവിഡ മാതൃകയിലുള്ള ഭരണത്തെക്കുറിച്ചു പറയുമ്പോള്‍ സ്റ്റാലിന്റെ മുഖമാണ് ജനങ്ങളിലെത്തുന്നത്. സംവരണത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ എന്റെ പേര് പരാമര്‍ശിക്കപ്പെടുന്നു. സര്‍ക്കാര്‍ ബസില്‍ സൗജന്യമായി യാത്രചെയ്യുന്ന സ്ത്രീകള്‍ എന്റെ മുഖം മാത്രം ഓര്‍മിക്കുന്നു. പെരിയാറിന്റെയും അംബേദ്കറിന്റെയും ജന്മദിനം സാമൂഹികനീതി സമത്വദിനമായി ആഘോഷിക്കപ്പെടുമ്പോള്‍ എല്ലാവരും എന്നെയാണ് ഓര്‍ക്കുന്നത്. ഞാന്‍ എന്നും നിങ്ങളില്‍ ഒരാളായിരിക്കും’, സ്റ്റാലിന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ 80 ശതമാനവും നിറവേറ്റിയിട്ടുണ്ട്. ഇരുളരുടെ വീടുകളില്‍ പോയി പ്രശ്‌നങ്ങള്‍ നേരില്‍ക്കണ്ട് നടപടിയെടുത്ത എത്ര മുഖ്യമന്ത്രിമാര്‍ ഇവിടെയുണ്ടെന്നു അദ്ദേഹം ചോദിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ എന്നും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി. ആദിവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് കോടിക്കണക്കിന് പദ്ധതികള്‍ സൃഷ്ടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top