ഹിന്ദിയ്ക്ക് എതിരല്ല, എന്നാലത് അടിച്ചേല്‍പ്പിക്കാന്‍ നോക്കരുതെന്ന് എം കെ സ്റ്റാലിന്‍

ചെന്നൈ: ഹിന്ദി ഭാഷയോടല്ല, അതിനെ അടിച്ചേല്‍പ്പിക്കുന്ന രീതിയോടാണ് എതിര്‍പ്പെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മൊഴിപോര്‍ അഥവാ ഭാഷയുടെ യുദ്ധം എന്ന പേരില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ ഹിന്ദിയോടും അതിനെ ഭരണഭാഷയാക്കി അടിച്ചേല്‍പ്പിക്കുന്ന നടപടിയെയും എതിര്‍ത്ത് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ തുടര്‍ന്നും എതിര്‍ക്കുമെന്ന് മുന്നറിയിപ്പ് കൂടിയാണ് സ്റ്റാലിന്‍ നല്‍കുന്നത്.

ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഹിന്ദിയല്ലാത്ത ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംതരം പൗരന്‍മാരായി തരംതാഴ്ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തമിഴ് വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് കൊണ്ട് ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് തങ്ങളെന്ന് കരുതരുത്, ഹിന്ദിയെന്നല്ല ഒരു ഭാഷക്കും ഞങ്ങള്‍ എതിരല്ല. മാതൃഭാഷയെ നീക്കം ചെയ്ത് ഹിന്ദി ഭാഷ അവരോധിക്കാനുള്ള പരിശ്രമങ്ങളെയാണ് എതിര്‍ക്കുന്നതെന്നും എംകെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

തമിഴിനെ സ്‌നേഹിക്കുന്നതുകൊണ്ട് മറ്റ് ഭാഷകളെ വെറുക്കുന്നുവെന്ന് കരുതേണ്ടതല്ല. ഒരാള്‍ അയാളുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷ പഠിക്കുന്നതിനെ എതിര്‍ക്കില്ല. എന്നാല്‍, നിര്‍ബന്ധപൂര്‍വം ഒരാളെ ഭാഷ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

 

Top