‘ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനം, നിഗൂഢദ്വീപാണ് മദ്രാസ് ഐഐടി’; എംകെ സ്റ്റാലിന്‍

ചെന്നൈ: ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധം കനക്കുകയാണ്. സംഭവത്തെ അപലപിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ‘വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢദ്വീപാണ് മദ്രാസ് ഐഐടിയെന്നും സ്റ്റാലിന്‍ പ്രതികരിച്ചു. ക്യാമ്പസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അത്തരം ജാതിമത വിവേചനങ്ങളും ചിലരുടെ നടപടികളുമാണ് ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണമായത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല സുതാര്യമായ അന്വേഷണത്തോടെ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ ഐഐടി മദ്രാസിലേക്ക് മാര്‍ച്ച് നടത്തി.

വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണക്കാരെന്ന് കരുതുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സഹപാഠികളും രംഗത്തെത്തിയിരുന്നു. കേസിനെക്കുറിച്ച് തമിഴ്‌നാട് പൊലീസ് മേധാവിയോട് സംസ്ഥാന ഡിജിപി സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ടത്. കൃത്യമായ അന്വേഷണം നടത്തുമെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എം നൗഷാദിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ജാതിയ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി കാര്യങ്ങള്‍ കാണണമെന്നും മന്ത്രി കെ.ടി ജലീലും പ്രതികരിച്ചു. ‘ഫാത്തിമയുടെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനം എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിവേചനത്തെ തുടര്‍ന്നുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഇത് പരിശോധിക്കണം. ഫാത്തിമയുടെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യും ഫാത്തിമ വിവേചനം നേരിട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകും’. മതപരമായ വിവേചനം നേരിട്ടിരുന്നു എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Top