തമിഴ്നാട്ടിൽ നിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ കാഷ് അവാർഡ് പ്രഖ്യാപിച്ച് സ്റ്റാലിൻ

ചെന്നൈ : തമിഴ്നാട്ടിൽനിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തിയാണു ശാസ്ത്രജ്ഞർക്ക് അവാർഡ് നൽകുന്നതെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.ശിവന്‍ ഉൾപ്പെടെ 9 പേര്‍ക്കാണു സമ്മാനം പ്രഖ്യാപിച്ചത്. ചന്ദ്രയാൻ (1, 2) പ്രോജക്‌ട് ഡയറക്‌ടര്‍ മയില്‍സ്വാമി അണ്ണാദുരൈ, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍ ഡയറക്‌ടര്‍ വി.നാരായണന്‍, സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍റര്‍ ഡയറക്‌ടര്‍ എ.രാജരാജന്‍, ചന്ദ്രയാൻ–3 പ്രൊജക്ട് ഡയറക്ടർ പി.വീരമുത്തുവേല്‍, ഐഎസ്‌ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സ് ഡയറക്‌ടര്‍ ജെ.അസിര്‍ പാക്കിയരാജ്‌, എം.ശങ്കരന്‍, എം.വനിത, നിഗര്‍ ഷാജി എന്നിവര്‍ക്കാണു സമ്മാനം.

ഈ 9 ശാസ്‌ത്രജ്ഞരുടെയും പേരില്‍ സംസ്ഥാന സർക്കാർ സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ 9 എൻജിനീയറിങ് വിദ്യാര്‍ഥികൾക്കാകും സ്‌കോളര്‍ഷിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. സ്‌കോളര്‍ഷിപ്പിനായി സര്‍ക്കാര്‍ 10 കോടി രൂപ വകയിരുത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Top