തമിഴ്നാട് വൈദ്യുതി മന്ത്രിയുടെ ഓഫിസിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ എം.കെ.സ്റ്റാലിൻ

ചെന്നൈ∙ തമിഴ്നാട് വൈദ്യുതി മന്ത്രിയുടെ ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാഷ്ട്രീയ എതിരാളികൾക്കുനേരെയുള്ള ബിജെപിയുടെ പിൻവാതിൽ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘‘ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റം ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. സെക്രട്ടേറിയറ്റിൽ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാകുന്നില്ല. എവിടെ കയറിയും പരിശോധന നടത്താൻ സാധിക്കുമെന്ന് ഭീഷണിപ്പെടുത്താൻ വേണ്ടിയായിരിക്കും. പ്രതികാരം വീട്ടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ജനം എല്ലാം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും” സ്റ്റാലിൻ പറഞ്ഞു.

മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫിസിലാണ് ഇഡി പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് ഒപ്പമെത്തിയ കേന്ദ്ര സേനയെ തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നു. കേന്ദ്ര സേന ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിന് പുറത്തു നിർത്തി. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിലാണ് പരിശോധന നടത്തിയത്. സെന്തിൽ ബാലാജി മുൻപ് എഐഡിഎംകെയിൽ ആയിരുന്നു.

Top