‘പുറത്തുവിട്ടത് എം.കെ രാഘവന്റെ ശബ്ദവും ദൃശ്യങ്ങളും തന്നെ’ ഏത് അന്വേഷണത്തിനും തയ്യാര്‍

ന്യൂഡല്‍ഹി: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന് എതിരായ ഒളിക്യാമറ വിവാദത്തില്‍ ഏത് അന്വേഷണം നേരിടാനും തയാറാണെന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ട ടിവി 9 ഭാരത് വര്‍ഷ്. ദൃശ്യങ്ങളിലും സംഭാഷണത്തിലും കൃത്രിമം നടത്തിയിട്ടില്ലെന്ന് ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി വ്യക്തമാക്കി.

വീഡിയോ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഏത് അന്വേഷണ ഏജന്‍സിക്ക് കൈമാറാനും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കാലയളവിലെ അഴിമതിയും കള്ളപ്പണ ഉപയോഗവും പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഒളിക്യാമറ ഒപ്പറേഷന്‍ നടത്തിയതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് കാപ്രി പറഞ്ഞു.

അദ്ദേഹത്തിന്റെ ശബ്ദവും ദൃശ്യവും തന്നെയാണ് വീഡിയോയിലുള്ളത്. വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്രഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനോദ് കാപ്രി വിശദീകരിച്ചു.

ഇതിനിടെ .കെ. രാഘവനെതിരെ ചാനല്‍ പുറത്തുവിട്ട ഒളി ക്യാമറാ ദൃശ്യങ്ങളെക്കുറിച്ചും അഴിമതി ആരോപണത്തെക്കുറിച്ചും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഡിജിപി റിപ്പോര്‍ട്ട് നല്‍കി. ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി അഭിപ്രായപ്പെട്ടതായാണ് വിവരം.

അതേസമയം, തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് എം കെ രാഘവന്‍ പറഞ്ഞിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കുകയും ചെയ്തു. ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഹിന്ദി ചാനലായ ടി വി 9 ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സിയായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.

Top