സത്യാവസ്ഥ അറിയും മുമ്പേ അപകീര്‍ത്തി ശ്രമം; പൊലീസ് കമ്മീഷണര്‍ക്ക് എംകെ രാഘവന്റെ പരാതി

കോഴിക്കോട്; ഒളിക്യാമറ വിവാദത്തിന്റെ പേരില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് പൊലീസ് കമ്മിഷണര്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്റെ പരാതി. തനിക്കെതിരെ ഒരു ദൃശ്യമാധ്യമം തന്റേതല്ലാത്ത ശബ്ദം ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യം പുറത്ത് വിട്ടിരുന്നു. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തും തന്റെ പേരു ദുരുപയോഗം ചെയ്തും ചിലര്‍ വ്യക്തിഹത്യക്ക് ശ്രമിക്കുന്നതായും രാഘവന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വീഡിയോയുടെ ശാസ്ത്രീയതയും വിശ്വാസ്യതയും തെളിയിക്കപ്പെടുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണമെന്നും ഇത് പ്രസിദ്ധീകരിച്ചവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷണര്‍ എ.വി ജോര്‍ജിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, ഒളിക്യാമറ ഓപ്പറേഷനില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് എം കെ രാഘവന് നോട്ടീസ് നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഡിസിപി വാഹിദാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള സമയത്തിനിടയില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ വിചാരണയ്ക്ക് തയ്യാറാവണം എന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top