ശനി, ഞായര്‍ ലോക്ഡൗണും മറ്റു ദിവസങ്ങളിലുള്ള നിയന്ത്രണങ്ങളും എടുത്ത് കളയണമെന്ന് എം.കെ മുനീര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണും മറ്റ് ദിവസങ്ങളിലുള്ള നിയന്ത്രണങ്ങളും എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് എം.കെ മുനീര്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എംകെ മുനീര്‍ കത്ത് നല്‍കി. വ്യാപാരാസ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായി അടച്ചിടുന്നതുമെല്ലാം അശാസ്ത്രീയമാണ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കണമെന്നും കത്തില്‍ പറയുന്നു.

എംകെ മുനീറിന്റെ കത്ത് പൂര്‍ണരൂപം:

‘സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോവിഡ് വ്യാപനം പൂര്‍ണമായി തടയുവാന്‍ പര്യാപ്തമാണെന്ന് കാണുന്നില്ല. വിദഗ്ധസമിതി എടുക്കുന്നതായി പറയപ്പെടുന്ന തീരുമാനങ്ങള്‍ തികച്ചും അശാസ്ത്രീയമായാണ് കാണുന്നത്. ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതും സമയക്രമീകരണം ഏര്‍പ്പെടുത്തുന്നതും തികച്ചും അശാസ്ത്രീയമാണ്. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നുദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതും ടിപിആര്‍ അടിസ്ഥാനത്തില്‍ ചില പ്രദേശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തിക്കുന്നതും ഒക്കെ അശാസ്ത്രീയമായ നിര്‍ദേശങ്ങളാണ്. സംസ്ഥാനത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നതു വഴി വ്യാപാരസ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കഴിയും. എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള ആള്‍ക്കൂട്ടം ഒഴിവാക്കാനും ജനങ്ങള്‍ കൂട്ടമായി കടകളിലേക്ക് ഒഴുകിയെത്തുന്നത് നിയന്ത്രിക്കുവാനും കഴിയും.’

‘അതുപോലെ ബാങ്കുകള്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവിടെയും ആള്‍ക്കൂട്ടം കഴിവാക്കാന്‍ കഴിയും. സാമൂഹ്യ അകലം പാലിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ടിപിആര്‍ നിരക്ക് കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ലോക്ക് ഡൗണ്‍ പരിഷ്‌കാരം മൂലം വെള്ളിയാഴ്ചകളില്‍ നിരത്തുകളില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായിട്ടാണ് കാണുന്നത്. ആയതു കൊണ്ട് ശനി, ഞായര്‍ ദിവസങ്ങളിലും സാധാരണ ദിവസങ്ങള്‍ പോലെ തന്നെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുന്നതാണ് ഉചിതം. ആയതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍, ബാങ്കുകളില്‍, ഇതര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി എല്ലാ ദിവസവും കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’

Top