MK Muneer facebook post

muneer

കോഴിക്കോട്: ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്‍ശനമുന്നയിച്ചവര്‍ക്ക് മറുപടിയുമായി എം.കെ മുനീര്‍ എം.എല്‍.എ.ഫേസ്ബുക്കിലൂടെയാണ് മുനീര്‍ മറുപടി നല്‍കിയത്.

ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ ബാപ്പയുടെ രക്തം തന്നെയാണ് സിരകളിലോടുന്നതെന്നും, തന്റെ വിശ്വാസം ഒരു ഗണേശോത്സവ വേദിയിലും പണയപ്പെടുത്തില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

സ്വന്തം മണ്ഡലത്തിലെ ഭക്തജനങ്ങളുടെ സ്‌നേഹത്തില്‍ പങ്ക് ചേരുക മാത്രമാണ് ചെയ്തതെന്നും അതവരോടുള്ള ഉത്തരവാദിത്വം കൂടിയാണെന്ന ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് കല്ലിട്ടനടയില്‍ ശിവസേനയും ഗണേശോത്സവ സമിതിയും ചേര്‍ന്ന് നടത്തിയ ഗണേശോത്സവത്തില്‍ മുനീര്‍ പങ്കെടുത്തിരുന്നു. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ മുനീറിനെതിരെ വന്‍ തോതിലുള്ള വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…

‘ബഹറില്‍ മുസല്ലയിട്ട് നമസ്‌ക്കരിച്ചാലും ആര്‍.എസ്.എസ്സിനെ വിശ്വസിക്കരുതെന്നു’ പറഞ്ഞ എന്റെ ബാപ്പയുടെ രക്തം തന്നെയാണ് എന്റെ സിരകളിലും ഓടുന്നത്.അത് ഏതെങ്കിലുമൊരു ഉത്സവ വേദിയില്‍ പണയപ്പെടുത്താനുള്ളതല്ല.

ഏത് പുലിക്കൂട്ടിലാണെങ്കിലും അതെവിടെച്ചെന്നും പറയുന്ന പാരമ്പര്യമാണ് എന്റേത്.എന്റെ ഈമാന്‍ ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല.അതെന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ വേരൂന്നിയതാണ്.അത് തകര്‍ക്കാന്‍ ശിവസേനയ്‌ക്കോ,ആര്‍.എസ്.എസ്സിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ല.മതേതര്വത്വം കാത്ത് സൂക്ഷിക്കാന്‍ അവര്‍ക്ക് മുന്‍പില്‍ ആദ്യം നെഞ്ച് നിവര്‍ത്താന്‍ ഞാനുണ്ടാകും.

അവിടെ കൂടിയിരുന്ന ഭക്തജനങ്ങളില്‍ ഭൂരിഭാഗത്തിനും ഒരു രാഷ്ട്രീയവുമില്ല.അവര്‍ ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളുണ്ട്.അവരെല്ലാം എന്റെ വോട്ടര്‍മാരാണ്.അവരോടൊരു സ്‌നേഹവായ്പ് കാണിക്കുകയെന്നത് എന്റെ ധാര്‍മികമായ ഉത്തരവാദിത്വമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എസ്.ഡി.പി.ഐക്കോ, ആര്‍.എസ്.എസ്സിനോ എന്തെങ്കിലു തോന്നുന്നുവെങ്കില്‍ എനിക്ക് പ്രശ്‌നമില്ല.എന്നാല്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.സ്‌നേഹപൂര്‍വ്വം എം.കെ മുനീര്‍.

Top