മുഈനലിയെ പിന്തുണച്ച് എം.കെ മുനീറും അബ്ദുള്‍ വഹാബും

മലപ്പുറം: പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ തീരുമാനം. മലപ്പുറം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം പുരോഗമിക്കുകയാണ്. യോഗത്തില്‍ എം കെ മുനീര്‍, അബ്ദുള്‍ വഹാബ് എന്നിവരാണ് കടുത്ത നടപടി പാടില്ലെന്നാവശ്യമുന്നയിച്ചത്. മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടികളെടുത്താല്‍ കാര്യങ്ങള്‍ വഷളാകുമെന്നും സമവായമാണ് വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ചന്ദ്രിക അക്കൗണ്ടിലെ വിവാദത്തില്‍ ലീഗിനെ വിമര്‍ശിച്ച് മുഈനലിക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നടപടിയെടുത്താല്‍ പാര്‍ട്ടിക്ക് വലിയ ദോഷമാണെന്ന് എം കെ മുനീര്‍ പറഞ്ഞു.

തെറ്റ് തിരുത്തല്‍ വേണമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍ എംപി യുടെ നിലപാട്. അതേസമയം മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലുറച്ചുനിന്ന പി കെ കുഞ്ഞാലിക്കുട്ടി നപടിയെക്കുറിച്ച് താന്‍ പറയുന്നില്ലെന്ന് പ്രതികരിച്ചു. യൂത്ത് ലീഗിന്റെ അഖിലേന്ത്യാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യാ പ്രസിഡന്റ് ആസിഫ് അന്‍സാരി ഓണ്‍ലൈനായാണ് പങ്കെടുക്കുന്നത്.

 

Top