വോളിബോള്‍ മത്സരത്തിനിടെ കുഞ്ഞിനെ മുലയൂട്ടി താരം; ഇന്റര്‍നെറ്റില്‍ കയ്യടി

മ്മയായി മാറുന്നതോടെ സ്ത്രീകള്‍ അതുവരെ ചെയ്തിരുന്ന പ്രവൃത്തികളില്‍ നിന്ന് മാറ്റം വരുത്തുന്നതാണ് പതിവ്. എന്നാല്‍ പുതിയ കാലത്ത് ഇഷ്ടപ്പെട്ടത് ചെയ്യുന്നതിനൊപ്പം കുട്ടികളെ പരിപാലിക്കാനും സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. വോളിബോള്‍ മത്സരത്തിനിടെ ഫീല്‍ഡിന് അരികില്‍ ഇരുന്ന് തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മിസോറാം വോളിബോള്‍ താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്.

ലാല്‍വെന്‍തുവാംഗി എന്ന വനിതാ താരമാണ് കൈക്കുഞ്ഞുമായി തുയികും വോളിബോള്‍ ടീമിന്റെ ഭാഗമായി എത്തിയത്. താരങ്ങള്‍ക്കുള്ള ക്യാംപില്‍ കുഞ്ഞുമായി എത്തിയിരുന്ന താരം ഒരു മത്സരത്തിന് ഇടെയുള്ള ഇടവേളയിലാണ് കുഞ്ഞിനെ മുലയൂട്ടിയത്.

‘2019 മിസോറാം സംസ്ഥാന ഗെയിംസിനിടെ 7 മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് കവര്‍ന്നത്’, നിന്‍ഗ്ലുന്‍ ഹാംഗാല്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് ചിത്രത്തോടൊപ്പം കുറിച്ചു. കായികതാരവും, മാതൃത്വവും ഒരുപോലെ കൊണ്ടാടാന്‍ തയ്യാറായ ലാല്‍വെന്‍തുവാംഗിയുടെ ധൈര്യത്തിനും ആത്മാര്‍ത്ഥതയ്ക്കുമാണ് ഇന്റര്‍നെറ്റ് ലോകം അഭിമാനപുരസരം കൈയടിക്കുന്നത്.

ചിത്രം വൈറലായതോടെ മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയയുടെ ശ്രദ്ധയിലും ഇത് പെട്ടു. അഭിനന്ദത്തിന്റെ ഭാഗമായി വനിതാ വോളിബോള്‍ താരത്തിന് പതിനായിരം രൂപയും സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.

Top