മിസോറം ലോട്ടറി നിരോധിക്കണം, കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്

thomas-issac

തിരുവനന്തപുരം: മിസോറം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കി കേരളം.

മിസോറം സര്‍ക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലുണ്ടാക്കിയ ലോട്ടറി കരാര്‍ നിയമവിരുദ്ധമാണെന്നും സിഎജി റിപ്പോര്‍ട്ടു അവഗണിച്ച് നിയമവിരുദ്ധമായ കരാറുമായി ലോട്ടറി നടത്താന്‍ ശ്രമിച്ച മിസോറം ലോട്ടറി ഡയറക്ടറെ ശിക്ഷിക്കണമെന്നും ധനമന്ത്രി തോമസ് ഐസക് കേന്ദ്രത്തിനെഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് മിസോറം ലോട്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

ലോട്ടറിയെ സംബന്ധിച്ച അറിയിപ്പു കേരള സര്‍ക്കാരിനെ അറിയിച്ചതില്‍ തുടങ്ങി ക്രമക്കേടുകളുടെ പരന്പര തന്നെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്ത് ലോട്ടറി വില്‍ക്കുമ്പോള്‍, ആ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വിപണന സംവിധാനത്തിന്റെ സമഗ്രമായ വിവരങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരിനെ വളരെ മുമ്പേ അറിയിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം. മിസോറം ലോട്ടറിയുടെ പരസ്യം വന്നതിനു ശേഷമാണ് മിസോറം സര്‍ക്കാരിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചത്.

മൂന്നു വര്‍ഷം കൊണ്ട് വെറും 25 കോടി രൂപയാണ് ഇത്തരത്തില്‍ മിസോറം ഖജനാവില്‍ ഒടുക്കിയത്. ലോട്ടറി വില്‍പനയിലൂടെ വിതരണക്കാര്‍ കൈക്കലാക്കിയത് 11808 കോടി രൂപയും. നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിഎജി തള്ളിക്കളഞ്ഞ മിനിമം ഗ്യാരണ്ടീഡ് റവന്യൂ എന്ന വ്യവസ്ഥ, കേരളത്തിനു നല്‍കിയ കരാറിലും മിസോറം സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

ലോട്ടറി നടത്തിപ്പ് നിര്‍ത്തിവയ്ക്കണമെന്നു കാണിച്ച് മിസോറം സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

Top