മിക്‌സഡ് മീഡിയ സോണ്‍ ബഹിഷ്‌കരിച്ചു; ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ നടപടിയുമായി ഐസിസി

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ഐസിസിയുടെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് സൂചന. ലോകപ്പില്‍ ശ്രീലങ്ക- ഓസ്‌ട്രേലിയ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ വിസമ്മതിച്ചതിനെതിരെയാണ് ഐസിസിയുടെ അച്ചടക്ക നടപടി.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം ക്യാപ്ടന്‍ ദിമുത് കരുണരത്‌നെ അടക്കമുള്ള ലങ്കന്‍ താരങ്ങളാണ് മീഡിയ കോണ്‍ഫറന്‍സും മാധ്യമങ്ങളുമായി സംവദിക്കാനുള്ള മിക്‌സഡ് മീഡിയ സോണും ബഹിഷ്‌കരിച്ചത്. സംഭവത്തില്‍ ഐസിസി, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ലോകകപ്പില്‍ ഐസിസി തങ്ങളോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ച് ശ്രീലങ്കന്‍ ടീം മാനേജര്‍ അശാന്ത ഡി മെല്‍ നേരത്തെ രംഗത്ത് വന്നിരുന്നു. മത്സരത്തിന്റെ പിച്ചുകളില്‍ കാണിക്കുന്ന വിവേചനം മുതല്‍, താമസം, പരിശീലന, താമസ സൗകര്യങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ ഐസിസി തങ്ങളോട് വേര്‍തിരിവ് കാണിക്കുന്നു എന്നായിരുന്നു ഡിമെല്ലിന്റെ ആരോപണം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഇപ്പോള്‍ മീഡിയ കോണ്‍ഫറന്‍സ് ബഹിഷ്‌കരിച്ചതെന്നാണ്സൂചനകള്‍.

Top