കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇത് വിഎച്ച്പിയുടെ കാര്യാലയമായും പ്രവര്‍ത്തിക്കുന്ന ഇടമാണ്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പില്‍ സൂക്ഷിച്ചിരുന്നത്.

വളപ്പില്‍ ഒളിച്ചിരുന്നവരെ പിടികൂടാനെത്തിയപ്പോഴേയ്ക്ക് പലരും ചിതറിയോടി. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരും വിഎച്ച്പി പ്രവര്‍ത്തകരാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കോഴിക്കോട് മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കല്ലേറില്‍ പല കടകളുടെയും ചില്ലുകളും വാഹനങ്ങളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

Top