മിഠായിത്തെരുവ് ആക്രമണം ; ഏഴ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

arrest

കോഴിക്കോട്: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ മിഠായിത്തെരുവിലുണ്ടായ ആക്രമണത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് ജില്ലയില്‍ ഇന്നലെ മാത്രം 56 പേരാണ് അറസ്റ്റിലായത്.

കനത്ത സുരക്ഷയൊരുക്കിയിട്ടും മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കല്ലേറില്‍ പല കടകളുടെയും ചില്ലുകളും വാഹനങ്ങളും തകര്‍ന്നു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറഞ്ഞത്. പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.

കൂടാതെ മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയിരുന്നു. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇത് വിഎച്ച്പിയുടെ കാര്യാലയമായും പ്രവര്‍ത്തിക്കുന്ന ഇടമാണ്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പില്‍ സൂക്ഷിച്ചിരുന്നത്. വളപ്പില്‍ ഒളിച്ചിരുന്നവരെ പിടികൂടാനെത്തിയപ്പോഴേയ്ക്ക് പലരും ചിതറിയോടുകയായിരുന്നു.

Top