ചൈനയിലെ കച്ചവടം അവസാനിപ്പിക്കാന്‍ ഒരുങ്ങി മിട്ട്‌സുബിഷി മോട്ടോഴ്സ്

ജാപ്പനീസ് വാഹന ബ്രാന്‍ഡായ മോട്ടോഴ്സ് കോര്‍പ്പറേഷന്‍ ചൈനയിലെ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി മോശം വില്‍പ്പനയെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് രാജ്യത്ത് തങ്ങളുടെ ബിസിനസ് കമ്പനി നിര്‍ത്തിവച്ചിരുന്നു. മാര്‍ച്ചില്‍ ചൈനയില്‍ നിര്‍മ്മാണം നിര്‍ത്തിവെച്ച മിട്ട്‌സുബിഷി മോട്ടോഴ്‌സ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണിയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാന്‍ പദ്ധതിയിടുന്നതായി സൂചനയുണ്ട്.

കമ്പനിയുടെ ചൈനീസ് വെഞ്ച്വര്‍ പങ്കാളിയായ ഗ്വാങ്ഷൂ ഓട്ടോമൊബൈല്‍ ഗ്രൂപ്പ് കമ്പനിയുമായി നിര്‍മ്മാണം അവസാനിപ്പിക്കാന്‍ അന്തിമ ക്രമീകരണങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസി മിട്ട്‌സുബിഷി മോട്ടോഴ്‌സ് എന്ന ഈ സംയുക്ത സംരംഭത്തിന് തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഒരു ഫാക്ടറിയുണ്ട്. ഈ വര്‍ഷം ആദ്യം, മിട്ട്‌സുബിഷി മോട്ടോഴ്സ് ചൈനയിലെ തങ്ങളുടെ ബിസിനസ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിയതായും ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുകയാണെന്നും അറിയിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം മാറുന്ന വിപണിയില്‍ വില്‍പ്പന പ്രതീക്ഷിച്ചതിലും വളരെ താഴെയായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയായ ചൈനയില്‍ ഹോണ്ട മോട്ടോറിന്റെയും നിസാന്‍ മോട്ടോറിന്റെയും വില്‍പ്പന കഴിഞ്ഞ രണ്ട് വര്‍ഷമായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ദശാബ്ദത്തിനിടെ ആദ്യമായി ടൊയോട്ട മോട്ടോറിന്റെ ഡെലിവറികള്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞു. ചൈനയിലെ മിട്ട്‌സുബിഷിയുടെ പ്രതിസന്ധി മറ്റ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ പ്രശ്‌നങ്ങളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. ഇവികള്‍ പുറത്തിറക്കാന്‍ മന്ദഗതിയിലാവുകയും ടെസ്ല, ബിവൈഡി പോലുള്ള പുതിയ എതിരാളികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വിപണി വിഹിതം നഷ്ടമാകയും ചെയ്തു.

ചൈനീസ് ഉപഭോക്താക്കള്‍ ഇവികളോടാണ് ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റ എല്ലാ നാല് കാറുകളിലും ഒന്ന് ഇലക്ട്രിക് ആയിരുന്നു. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ ഇവികള്‍ പുറത്തിറക്കാന്‍ കഠിനപ്രയത്‌നം ചെയ്യുമ്പോഴും അവര്‍ വിപണിയിലെ പ്രമുഖരായ ടെസ്ലയുടെയും ബിവൈഡിയുടെയും നിയോ, എക്സ്പെംഗ് തുടങ്ങിയ കമ്പനികളുടെയും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ചൈനയിലെ തന്ത്രം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മിട്ട്‌സുബിഷി മോട്ടോഴ്സ് സിഇഒ തക്കാവോ കാറ്റോ മെയ് മാസത്തില്‍ പറഞ്ഞിരുന്നു.

മിട്ട്‌സുബിഷി മോട്ടോഴ്സ് 2022-ല്‍ ചൈനയില്‍ 515 ഇലക്ട്രിക് എയര്‍ട്രെക്ക് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ മാത്രമേ വിറ്റഴിച്ചുള്ളൂ, അതേസമയം രാജ്യത്തെ മൊത്തത്തിലുള്ള ഉല്‍പ്പാദനം ജനുവരിയില്‍ 1,530 കാറുകളായി കുറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ഒരു മോഡല്‍ പോലും വിറ്റിട്ടില്ല. 2030-ഓടെ വൈദ്യുതീകരണത്തിനായി 1.8 ട്രില്യണ്‍ (12 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി മാര്‍ച്ചില്‍ അറിയിച്ചിരുന്നു.

Top