ഇന്ത്യയില്‍ തിരിച്ചുവരവിന് ഒരുങ്ങി മിറ്റ്‌സുബിഷി; ടിവിഎസ് മൊബിലിറ്റിയുടെ 30 ശതമാനം ഓഹരി വാങ്ങും

ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ മിറ്റ്‌സുബിഷി ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇന്ത്യയില്‍ ഉടനീളം കാര്‍ ഡീലര്‍ഷിപ്പുകള്‍ നടത്തുന്ന ടിവിഎസ് മൊബിലിറ്റിയുടെ 30 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കി ഇന്ത്യയില്‍ വീണ്ടും സാന്നിധ്യം അറിയിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ മിറ്റ്‌സുബിഷിയുടെ നിക്ഷേപം 500 കോടി ഡോളര്‍ മുതല്‍ 1000 കോടി ഡോളര്‍ വരെ വരുമെന്നാണു കണക്കാക്കുന്നത്. കരാര്‍ പൂര്‍ത്തിയാകുന്നതോടെ, മിറ്റ്‌സുബിഷി തങ്ങളുടെ ജീവനക്കാരെ ടിവിഎസ് മൊബിലിറ്റി ഡീലര്‍ഷിപ്പുകളില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടിവിഎസ് മൊബിലിറ്റിക്ക് രാജ്യമൊട്ടാകെ 150-ഓളം ഔട്ട്ലെറ്റുകള്‍ അടങ്ങിയ ശൃംഖലയാണുള്ളത്. ഇത് പ്രയോജനപ്പെടുത്തി ഓരോ കാര്‍ ബ്രാന്‍ഡിനായി പ്രത്യേക സ്റ്റോറുകള്‍ സ്ഥാപിക്കും. ടിവിഎസ് മൊബിലിറ്റി നിയന്ത്രിക്കുന്നതിനാല്‍ ഹോണ്ടയുടെ കാര്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനാണ് ഡീലര്‍ഷിപ്പിന്റെ പ്രാഥമിക ശ്രദ്ധ. കരാറിലൂടെ രാജ്യത്ത് ജാപ്പനീസ് കാര്‍ നിര വിപുലീകരിക്കാനാണ് മിറ്റ്‌സുബിഷി ലക്ഷ്യമിടുന്നത്. ഈ ഡീലര്‍ഷിപ്പുകള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ വിശാലമായ ശ്രേണിയും അവതരിപ്പിക്കും.

Top