‘ഐപിഎൽ കളിക്കാതിരിക്കുന്നത് കൊണ്ട് നഷ്ടബോധമില്ല, രാജ്യമാണ് പ്രധാനം’; മിച്ചൽ സ്റ്റാർക്ക്

ലണ്ടന്‍ : ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാതിരിക്കുന്നതുകൊണ്ട് യാതൊരു നഷ്ടബോധവും തനിക്കില്ലെന്ന് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഐപിഎല്ലും യോർക്‌ഷെയറിനൊപ്പമുള്ള മത്സരങ്ങളുമെല്ലാം ആസ്വദിച്ചെങ്കിലും, എപ്പോഴും പ്രധാനപ്പെട്ടത് ഓസ്ട്രേലിയ തന്നെയാണെന്ന് മിച്ചൽ സ്റ്റാർക്ക് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ‘‘പണം വരും, പോകും. പക്ഷേ എനിക്കു കിട്ടിയ അവസരങ്ങളിൽ ഞാൻ തൃപ്തനാണ്. ഐപിഎൽ കളിക്കാത്തതിൽ എനിക്കു യാതൊരു നഷ്ടബോധവുമില്ല.’’– മിച്ചൽ സ്റ്റാർക്ക് വ്യക്തമാക്കി.

‘‘നൂറു വർഷത്തിനു മുകളിൽ ചരിത്രമുള്ള ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയിൽനിന്നു കളിച്ചത് അഞ്ഞൂറിൽ താഴെ ആളുകളാണ്. അതിന്റെ ഭാഗമാകുന്നതു വളരെ സ്പെഷലാണെന്നു ഞാൻ കരുതുന്നു. രാജ്യത്തിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുള്ള ഒരു തലമുറയുണ്ടാകുമെന്ന് എന്നിലെ പാരമ്പര്യവാദി പ്രതീക്ഷിക്കുന്നുണ്ട്. ഞാൻ ഇനിയും ഐപിഎൽ കളിച്ചേക്കാം. എന്നാൽ ഓസ്ട്രേലിയയ്ക്കായി ഇറങ്ങണമെന്നതാണ് ഇനിയും ഏറെക്കാലം ഞാൻ പ്രാധാന്യം നൽകുന്നത്. അത് ഏതു ഫോർമാറ്റിലായാലും അങ്ങനെയാണ്.’’– സ്റ്റാർക്ക് വ്യക്തമാക്കി.

‘‘ഫ്രാഞ്ചൈസി ക്രിക്കറ്റ് മികച്ചതാണ്. നിങ്ങളെ 12 മാസത്തേക്ക് ഏതെങ്കിലും ടീം വാങ്ങും. പക്ഷേ പത്തു വർഷത്തിലേറെയായി എനിക്കു ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ സാധിക്കുന്നുണ്ട്.’’– മിച്ചല്‍ സ്റ്റാർക്ക് പറഞ്ഞു. 33 വയസ്സുകാരനായ മിച്ചൽ സ്റ്റാർക്ക് 2015ലാണ് അവസാനമായി ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിച്ചത്. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സ്റ്റാർക്ക്.

Top