ഇന്ത്യയിലെ ഏറ്റവും ശക്തരായ 100 വനിതകളില്‍ മിതാലി രാജും

mithali-rajj

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്നാല്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണുള്ളതെന്ന ധാരണ പിഴുതെറിഞ്ഞായിരുന്നു മിതാലി രാജിന്റെയും സംഘത്തിന്റെയും എന്‍ട്രി.

ഏത് ചോദ്യങ്ങള്‍ക്കും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുന്ന മിതാലിക്ക് ഇന്ത്യന്‍ പെണ്‍മനസ്സുകളിലേക്ക് ചേക്കേറാന്‍ അധിക സമയമൊന്നും വേണ്ടിവന്നില്ല.

ഇപ്പോഴിതാ, ബിബിസി തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ 100 വനിതകളില്‍ ഒരാളായി ഇടംപിടിച്ചുകൊണ്ടാണ് മിതാലി തന്റെ നേട്ടങ്ങളുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തുന്നത്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ക്യാപ്റ്റനാണ് മിതാലി. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഇടംനേടിക്കൊടുത്ത വീരനായിക.

കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം കൂടിയാണു മിതാലി. കളിക്കളത്തിലും പുറത്തും ശക്തമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന അപൂര്‍വം താരങ്ങളില്‍ ഒരാള്‍.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ ഉടമ കൂടിയായ മിതാലി സ്ഥിരതയാര്‍ന്ന പ്രകടനത്തിനു പേരുകേട്ട താരമാണ്.

ഇന്ത്യയിലും വിദേശ പിച്ചുകളിലും ഒരുപോലെ റണ്‍സ് കണ്ടെത്താന്‍ മിടുക്കിയായ മിതാലി ഫാസ്റ്റ്, സ്പിന്‍ ബോളുകളെ നേരിട്ടും കരുത്ത് തെളിയിച്ചിട്ടുണ്ട്.

കളിക്കളത്തിലെ പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല ബിബിസി മിതാലിയെ അപൂര്‍വ നേട്ടത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നതെന്നു വ്യക്തം.

പ്രതിഭയില്‍ ഒട്ടും പിന്നിലല്ലാതിരുന്നിട്ടും വനിത എന്ന ലേബല്‍ ചാര്‍ത്തി ലഭിക്കുന്ന രണ്ടാംതരം സമീപനത്തിനെതിരെ നടത്തിയ പോരാട്ടം കൂടിയാണ് മിതാലിയുടെ ഉയര്‍ച്ചയ്ക്കു പിന്നില്‍.

ലോകത്തിലെ വമ്പന്‍ ടീമുകളെയൊക്കെ തോല്‍പിപ്പിച്ചിട്ടും വനിതാ ക്രിക്കറ്റിന് ഇന്ത്യയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല.

പ്രതിഫലത്തിന്റെ കാര്യത്തിലും ഒട്ടും മെച്ചമല്ല വനിതാ താരങ്ങളുടെ അവസ്ഥ. അവഗണനയ്‌ക്കെതിരെ മിതാലി ശബ്ദമുയര്‍ത്തിയി പലവട്ടം. ലോക കപ്പിലെ അഭിമാനാര്‍ഹമായ പ്രകടനം നടത്തി തിരിച്ചെത്തിയപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലതിരിഞ്ഞ സമീപനം മിതാലി ചൂണ്ടിക്കാണിച്ചു.

Top