ഉക്രെയിന്‍ വിമാനം ക്രൂയിസ് മിസൈലെന്ന് തെറ്റിദ്ധരിച്ചു; കുറ്റം ഏറ്റെടുത്ത് ഇറാന്‍ ഗാര്‍ഡ്‌സ് കമ്മാന്‍ഡര്‍

ക്രെയിന്‍ വിമാനം വെടിവെച്ചിട്ടത് ക്രൂയിസ് മിസൈലാണെന്ന് തെറ്റിദ്ധരിച്ചെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കമ്മാന്‍ഡര്‍ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ വെളിപ്പെടുത്തി. ഹൃസ്വദൂര മിസൈല്‍ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് എയ്‌റോസ്‌പേസ് ഡിവിഷന്‍ മേധാവി അമിറലി ഹാജിസാദെ വ്യക്തമാക്കി. ഉക്രെയിന്‍ യാത്രാവിമാനം വീഴ്ത്തിയതിന്റെ സകല ഉത്തരവാദിത്വവും ഹാജിസാദെ ഏറ്റെടുത്തു.

‘ഇത്തരമൊരു അപകടം കാണുന്നതിലും ഭേദം മരിക്കുന്നതായിരുന്നു’, എയ്‌റോസ്‌പേസ് മേധാവി അമീറലി ഹാജിസാദെ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്ത 176 പേരുടെയും മരണത്തില്‍ കലാശിച്ച അപകടം തങ്ങളുടെ അബദ്ധമാണെന്ന് ഇറാന്‍ ഇന്ന് സമ്മതിച്ചിരുന്നു. ഇറാഖില്‍ അമേരിക്കയുമായുള്ള പോരിനിടെ അതീവ ജാഗ്രതയില്‍ ആയിരുന്നതിനാല്‍ സംഭവിച്ച അബദ്ധമെന്നാണ് അവര്‍ കുറ്റസമ്മതം നടത്തിയത്.

നേരത്തെ യുഎസും മറ്റ് പാശ്ചാത്യ ഇന്റലിജന്‍സും മിസൈലാണ് അപകടം വരുത്തിവെച്ചതെന്ന് സ്ഥിരീകരിച്ചപ്പോള്‍ ഇറാന്‍ ഈ വാദങ്ങള്‍ തള്ളിയിരുന്നു. വിഷയത്തില്‍ മൗനം പാലിച്ച പരമോന്നത നേതാവ് അലി ഖമനേനിയാണ് സത്യാവസ്ഥ പുറംലോകത്തെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യുഎസുമായുള്ള വെല്ലുവിളിക്ക് ഇടെ സംഭവിച്ച കൈയബദ്ധം ഇറാന്റെ പോരാട്ടവീര്യം കുറയ്ക്കാനാണ് ഇടയാക്കിയത്.

അന്താരാഷ്ട്ര സമ്മര്‍ദം വര്‍ദ്ധിച്ചതോടെ ഇറാന്‍ വിശദവിവരങ്ങള്‍ പങ്കുവെയ്ക്കാനും തയ്യാറായി. കടുത്ത തെറ്റില്‍ ഇറാന്‍ ഏറെ ദുഃഖിക്കുന്നതായി പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. അന്താരാഷ്ട്ര ഇടപെടല്‍ ശക്തമായതോടെയാണ് മിസൈല്‍ അക്രമണം മറച്ചുവെയ്ക്കാന്‍ ഇറാന് സാധിക്കാതെ പോയതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Top