മിഷന്‍ ബേലൂര്‍ മഖ്‌ന: ആറാം ദിവസത്തെ തിരച്ചിലും നിരാശയിൽ അവസാനിച്ചു

വയനാട് : ആളക്കൊല്ലി കാട്ടാന ബേലൂർ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും നിരാശയിൽ അവസാനിച്ചു. പനവല്ലിക്ക് സമീപം കുന്നുകളിൽ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ആർആർടിയും വെറ്റിനറി ടീമും കാട്ടിൽ മോഴയെ കാത്തിരുന്നിട്ടും മയക്കുവെടിവെക്കാൻ പാകത്തിന് കിട്ടിയില്ല. ഡോക്ടർ അരുൺ സക്കറിയ ഇന്ന് രാവിലെ മുതൽ ദൗത്യസംഘത്തിനൊപ്പം ചേർന്നിരുന്നു. കർണാടക എലിഫന്റ് സ്‌ക്വാഡും കാട്ടിൽ തെരച്ചിലിനൊപ്പമുണ്ട്. നാളെ രാവിലെ ദൗത്യം വീണ്ടും തുടങ്ങും. രാത്രി ആന ജനവാസ മേഖലയിൽ എത്താതെ ഇരിക്കാൻ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.

അതേസമയം, കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ വയനാട് കുറുവ ദ്വീപിലെ ജീവനക്കാരൻ പോൾ മരിച്ചു. പുകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഉടനെയായിരുന്നു മരണം. പോളിന്റെ നെഞ്ചിനാണ് ചവിട്ട് കിട്ടിയത്. വാരിയെല്ലിനും പരിക്കേറ്റിരുന്നു. പുൽപ്പള്ളി പാക്കം സ്വദേശിയായ പോളിനെ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. വന്യമൃഗ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും വയനാട്ടിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച്ച പോലും കഴിഞ്ഞില്ല. അജീഷിന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന പിടികൂടാത്തതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും മറ്റൊരു കാട്ടാന മനുഷ്യ ജീവനെടുത്തത്.

Top