മിഷൻ ബേലൂർ മഖ്ന ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ്. ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ സിഗ്നല്‍ ലഭിക്കുന്നതനുസരിച്ച് രാവിലെ തന്നെ ദൗത്യം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതോടെ ഞായറാഴ്ച ദൗത്യം താത്കാലികമായി നിര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.

വനംവകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമുമാണ് പട്രോളിങ് നടത്തുന്നത്. ഒരു സംഘം ആനയെ നിരീക്ഷിക്കും. പ്രദേശത്ത് മൂടല്‍മഞ്ഞുള്ള കാലാവസ്ഥായാണെന്ന് ചൂണ്ടിക്കാട്ടിയ സി.സി.എഫ്. കെ.എസ്. ദീപ രാവിലെ അഞ്ചരയോടെ ദൗത്യം പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം, കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. നഗരസഭയിലെ കുറുക്കന്‍ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലാണ് അവധി.

Top