കാണാതായ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: കാണാതായ വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ കാണാതായ അദ്ദേഹത്തെ അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. തൊഗാഡിയയെ ഇപ്പോള്‍ ശാഹിബാഗിലെ ചന്ദ്രമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം.

sreejith-ravi-1.jpg.image.784.410

1996ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതിന് പിന്നാലെ തൊഗാഡിയയെ കാണാനില്ലെന്നും അദ്ദേഹത്തെ പൊലീസ് സംഘം തട്ടിക്കൊണ്ട് പോയതാണെന്നും വിഎച്ച്പി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

ഗുജറാത്തിലെ വിഎച്ച്പി ഓഫീസില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് തൊഗാഡിയയെ കാണാതായതെന്നാണ് വിഎച്ച്പിയുടെ ആരോപണം.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയില്‍ തങ്ങള്‍ എത്തിയെങ്കിലും തൊഗാഡിയയെ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞിരുന്നു.

തൊഗാഡിയയെ തങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു. ഈ വിശദീകരണത്തില്‍ തൃപ്തരാകാതിരുന്ന നാല്‍പ്പതോളം വരുന്ന വിഎച്ച്പി പ്രവര്‍ത്തകര്‍ സോളയിലെ പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.

തൊഗാഡിയയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ചന്ദ്രമണി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

Top