ജയിലില്‍ നിന്ന് കാണാതായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയെ കണ്ടെത്തി

മോസ്‌കോ: ജയിലില്‍ നിന്ന് കാണാതായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയെ ഒടുവില്‍ ‘കണ്ടെത്തി’. ഏറെ അകലെ ആര്‍ട്ടിക് പ്രദേശത്തുള്ള പീനല്‍ കോളനി വിഭാഗത്തില്‍ പെട്ട പോളാര്‍ വൂള്‍ഫ് ജയിലിലാണ് നവല്‍നി ഉള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേ ഉണ്ടായിരുന്ന ജയിലില്‍ നിന്ന് കാണാതായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.

തീവ്രവാദക്കുറ്റമടക്കം വിവിധ കേസുകളിലായി 30 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ട നവല്‍നി 2020-ല്‍ വധശ്രമം നേരിട്ടിരുന്നു. സൈബീരിയയില്‍ നിന്ന് മോസ്‌ക്കോയിലേക്ക് യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് അദ്ദേഹം അബോധാവസ്ഥയിലായി. പുതിന്റെ അറിവോടെ അദ്ദേഹത്തിന് വിഷം നല്‍കുകയായിരുന്നു എന്നാണ് നവല്‍നിയോട് അടുപ്പമുള്ളവര്‍ ആരോപിച്ചത്. പക്ഷേ, ആരോപണങ്ങള്‍ റഷ്യ തള്ളിക്കളഞ്ഞു.തുടര്‍ന്ന് ജര്‍മന്‍ സന്നദ്ധസംഘടനയായ സിനിമ ഫോര്‍ പീസിന്റെ നേതൃത്വത്തില്‍ ബെര്‍ലിനില്‍ ചികിത്സ നല്‍കിയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. 32 ദിവസമാണ് നവല്‍നി ആശുപത്രിയില്‍ കഴിഞ്ഞത്. പിന്നാലെ, തടവിലേക്ക് മാറ്റി.

അലക്സി നവല്‍നിയെ കണ്ടെത്തിയ വിവരം അദ്ദേഹത്തിന്റെ അനുയായിയാ കിര യാര്‍മിഷ് ആണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആര്‍ട്ടിക് പ്രദേശത്തുള്ള സ്വയംഭരണ പ്രദേശമായ യെമലോ-നെനെറ്റ്സിലെ ഖാര്‍പ്പിലുള്ള ഐ.കെ-3 എന്ന പീനല്‍ കോളനിയിലാണ് നവല്‍നി ഉള്ളതെന്നും കിര പറഞ്ഞു. നവല്‍നിയെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും കിര കൂട്ടിച്ചേര്‍ത്തു.ആര്‍ട്ടിക് വൃത്തത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഖാര്‍പ്പിലെ ജനസംഖ്യ 5000 ആണ്. റഷ്യയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിദൂരമായ കോളനികളിലൊന്നാണ് ഇത്. പൂജ്യം ഡിഗ്രിക്കും താഴെ താപനിലയുള്ള അവിടത്തെ ജീവിതം അതികഠിനമാണ്. അവിടെയുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരം അപൂര്‍വ്വമാണ്.

Top