ഹരിയാനയില്‍ ഓക്സിജനുമായി പുറപ്പെട്ട ടാങ്കര്‍ ലോറി കാണാനില്ലെന്ന് പരാതി

രിയാന: ഹരിയാനയില്‍ ഓക്സിജനുമായി പുറപ്പെട്ട ടാങ്കര്‍ ലോറി കാണാതായതായി പരാതി. പാനിപത്തില്‍ നിന്ന് സിര്‍സയിലേക്ക് പുറപ്പെട്ട ഓക്സിജന്‍ ടാങ്കറാണ് കാണാതായത്. സംഭവത്തില്‍ പാനിപത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജില്ലാ ഡ്രഗ് കണ്‍ട്രോളറാണ് പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് പാനിപത്തിലെ പ്ലാന്റില്‍ നിന്ന് ദ്രാവക ഓക്സിജന്‍ നിറച്ച ടാങ്കര്‍ ലോറി സിര്‍സയിലേക്ക് തിരിച്ചത്. എന്നാല്‍, ഇതുവരെയായിട്ടും ടാങ്കര്‍ സ്ഥലത്തെത്തിയിട്ടില്ലെന്ന് പാനിപത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്എച്ച്ഒ) മഞ്ജീത്ത് സിങ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ ഓക്സിജന്‍ ടാങ്കര്‍ അടിച്ചു മാറ്റിയതായി ഹരിയാന മന്ത്രി ആരോപണമുന്നയിച്ചതിനു പിറകെയാണ് പുതിയ സംഭവം.

പാനിപത്തില്‍ നിന്ന് ഫരീദാബാദിലേക്ക് ഓക്സിജനുമായി പുറപ്പെട്ട ടാങ്കര്‍ ലോറി ഡല്‍ഹി അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതിനിടെ കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നായിരുന്നു ഹരിയാന മന്ത്രി അനില്‍ വിജിന്റെ ആരോപണം.

 

 

Top