അറബിക്കടലില്‍ കാണാതായ കാലാവസ്ഥാ നിരീക്ഷണ ഉപകരണം മഹാരാഷ്ട്ര തീരത്ത് കണ്ടെത്തി

ലക്ഷദ്വീപ് തീരത്തുനിന്ന് കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രം മഹാരാഷ്ട്ര തീരത്ത് കണ്ടെത്തി. ഭൗമശാസ്ത്ര വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബോയയാണ് മഹാരാഷ്ട്ര തീരത്തുനിന്നും കണ്ടെത്തിയത്. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സ്ഥാപിച്ച വേവ് റൈഡര്‍ ബോയ ടൗട്ടെ ചുഴലിക്കാറ്റ് ഉള്‍പ്പെടെ കൃത്യമായി പ്രവചിക്കുന്നതിന് സഹായിച്ച ഉപകരണമായിരുന്നു.

കോടികള്‍ വിലയുള്ളതായ ഒംനി ബോയയുമായി ജൂലൈ മുതല്‍ ബന്ധം നഷ്ടമായിരുന്നു. മഹാരാഷ്ട്ര തീരത്ത് നിന്നും കണ്ടെത്തുമ്‌ബോള്‍ ബോയയുടെ സോളര്‍ പാനലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. ഉപകരണം ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ ഏറ്റെടുത്തു. സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണിത്.

അടുത്തിടെ ചില മത്സ്യ തൊഴിലാളികള്‍ ഈ ബോയക്ക് മുകളില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. പിന്നാലെയാണ് ഉപകരണത്തിനായി തെരച്ചില്‍ ശക്തമാക്കിയത്. കോസ്റ്റല്‍ പൊലീസ് കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. മല്‍സ്യത്തൊഴിലാളികള്‍ അംഗങ്ങളായുള്ള കോസ്റ്റല്‍ പൊലീസിന് കീഴിലെ എഴുന്നൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ബോയയുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. പിന്നാലെയാണ് ഉപകരണം കണ്ടെത്തിയത്. ഉപകരണം കണ്ടെത്തിയാല്‍ ഇത് തീരത്ത് അടുപ്പിക്കുന്നതിനുള്ള പൂര്‍ണ ചെലവ് വഹിക്കാമെന്നും ഇന്‍സ്റ്റ്യൂട്ട് മല്‍സ്യത്തൊഴിലാളികളോട് അറിയിച്ചിരുന്നു.

കാറ്റിന്റെ വേഗം, ദിശ, സമുദ്രനിരപ്പ്, വായുസമ്മര്‍ദം, അന്തരീക്ഷ താപനില എന്നിവ പരിശോധിക്കുന്ന തരത്തിലാണ് ബോയ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ നങ്കൂരം പൊട്ടി ബോയ ഒഴുകിത്തുടങ്ങുകയായിരുന്നു. പിന്നീട് സിഗ്‌നല്‍ നഷ്ടപ്പെടുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴും അറബിക്കടലില്‍ അഞ്ചും ബോയകള്‍ നിരീക്ഷണത്തിനായി സ്ഥാപിക്കപെട്ടിട്ടുണ്ട്.

Top